‘ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവനറിയുമോ എന്ന് സംശയമാണ്’: ഇ.ഡി. സമൻസ് വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) സമൻസ് ലഭിച്ചു എന്ന മാധ്യമവാർത്തകളെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. താനോ മകനോ ഉൾപ്പെടെ കുടുംബത്തിലെ ആർക്കും ഇ.ഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മക്കൾ കാരണം തനിക്ക് ഒരിക്കലും ദുഷ്പേരുണ്ടായി

തിരുവനന്തപുരം: മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) സമൻസ് ലഭിച്ചു എന്ന മാധ്യമവാർത്തകളെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. താനോ മകനോ ഉൾപ്പെടെ കുടുംബത്തിലെ ആർക്കും ഇ.ഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മക്കൾ കാരണം തനിക്ക് ഒരിക്കലും ദുഷ്പേരുണ്ടായിട്ടില്ലെന്നും, ക്ലിഫ് ഹൗസിൽ എത്ര മുറികളുണ്ടെന്ന് പോലും മകനായ വിവേകിന് അറിയുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രധാന പ്രതികരണങ്ങൾ:
- കുടുംബത്തിന്റെ പിന്തുണ: “ഞാൻ എന്റെ പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാൻ വകനൽകുന്ന കാര്യം, എന്റെ കുടുംബം പൂർണമായും അതിനോടൊപ്പം നിന്നു എന്നതാണ്. എന്റെ മക്കൾ രണ്ടുപേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്.”
- മകന്റെ സ്വഭാവം: “മകൻ ജോലി, പിന്നെ വീട് എന്ന രീതിയിൽ പോകുന്നയാളാണ്. നിങ്ങളിൽ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത.”
- അഭിമാനബോധം: “ഏത് അച്ഛനും ഒരു മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന രീതിയിൽ എന്റെ മക്കൾ ആരും പ്രവർത്തിച്ചിട്ടില്ല.”
- വിവാദ ശ്രമം: “മകൾക്ക് നേരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോൾ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോൾ, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലർക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തിൽ ഉൾപ്പെടുത്താൻ നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ? അത് എന്നെ ബാധിക്കുമോ? മകനെ ബാധിക്കുമോ?”
- സമൻസ് ലഭിച്ചിട്ടില്ല: “ഞങ്ങളാരും ഇ.ഡി. സമൻസ് കണ്ടിട്ടില്ല. മകന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ല. തെറ്റായ ഒരു ചിത്രം വരച്ചുകാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്നെ മറ്റൊരു തരത്തിൽ കാണിക്കണം. സമൂഹത്തിന്റെ മുന്നിൽ കളങ്കിതനാക്കി ചിത്രീകരിക്കാൻ പറ്റുമോ എന്ന് നോക്കണം. അങ്ങനെ ചിത്രീകരിക്കാൻ നോക്കിയാൽ കളങ്കിതനാകുമോ? ഒരു അഴിമതിയും എന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ഉറപ്പുനൽകുന്നു.”
- ‘നനഞ്ഞ പടക്കം’: സമൻസ് വാർത്തകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, “ഒരു വലിയ ബോംബ് വരാൻപോകുന്നുണ്ടെന്ന് ഒരാൾ അടുത്ത് പറഞ്ഞിരുന്നു. പക്ഷേ, ഇത് നനഞ്ഞ പടക്കമായിപ്പോയി” എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സി.പി.ഐ.(എം.) നേതാവ് എം.എ. ബേബി വാർത്തകൾ മുഖവിലയ്‌ക്കെടുത്തായിരിക്കും പ്രതികരിച്ചതെന്നും, അത് വസ്തുതകൾ മനസിലാക്കിയുള്ള പ്രതികരണമായിരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
