Skip to content
Kerala

ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്ത കലിപ്പില്‍ അഖില്‍ മാരാര്‍; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സുള്ള ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നിയമവിരുദ്ധമായി നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ രംഗത്ത്. തന്റെ ശബ്ദത്തെ പലരും ഭയപ്പെടുന്നുണ്ടെന്നും എന്നാൽ വാ മൂടിക്കെട്ടി ഇരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

N

News Desk

Published on: 10 Apr 2026, 9:28 am

ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്ത കലിപ്പില്‍ അഖില്‍ മാരാര്‍; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സുള്ള ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നിയമവിരുദ്ധമായി നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ രംഗത്ത്. തന്റെ ശബ്ദത്തെ പലരും ഭയപ്പെടുന്നുണ്ടെന്നും എന്നാൽ വാ മൂടിക്കെട്ടി ഇരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ ഡിപ്പാര്‍ട്‌മെന്റില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പണിയെടുക്കുന്നവർ ആരായാലും അവരെ കോടതി കയറ്റുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കാനും തന്റെ സംസാരം ജനങ്ങൾ കേൾക്കാതിരിക്കാനുമാണ് ഇത്തരം നീക്കങ്ങളിലൂടെ അധികൃതർ ശ്രമിക്കുന്നതെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി. സാധാരണ നിലയിൽ ഏതെങ്കിലും പോസ്റ്റുകൾ പ്രശ്നമായാൽ അവ റിപ്പോർട്ട് ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. എന്നാൽ തന്റെ പേജിലെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും ഇന്ത്യയിൽ നിന്ന് തന്നെ ഇല്ലാതാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

താൻ പറയുന്ന സത്യം തിരിച്ചറിയുന്ന ജനങ്ങൾ ഉണ്ടെന്നും ആ സത്യങ്ങൾ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഇത്തരം ‘തറ വേലകൾ’ കൊണ്ട് തന്റെ വായടപ്പിക്കാൻ കഴിയില്ലെന്നും കൂടുതൽ ഉച്ചത്തിൽ താൻ സംസാരിക്കുമെന്നും അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. തൃക്കാക്കരയിലെ തന്റെ മുന്നേറ്റത്തിൽ ഭയന്നാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പേജ് നഷ്ടപ്പെട്ടതിന് പിന്നാലെ ‘അഖില്‍ മാരാര്‍ 2.0’ എന്ന പേരില്‍ പുതിയൊരു പേജ് അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. തന്റെ രണ്ടാം വരവാണിതെന്നും മുറിച്ചാൽ മുറി കൂടുന്ന സ്വഭാവമാണ് തന്റേതെന്നും പുതിയ പേജിലൂടെ പങ്കുവെച്ച ആദ്യ വിഡിയോയിൽ അഖിൽ മാരാർ വ്യക്തമാക്കി. സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയുമെന്നും പോലീസിന്റെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories