Skip to content
Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതകള്‍ക്ക് പൂര്‍ണ്ണ പിന്തുണ, കോണ്‍ഗ്രസ് നിലപാടിനെ സ്വാഗതം ചെയ്ത് കെ.കെ രമ

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ച വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച കൃത്യതയാര്‍ന്ന നിലപാടിനെ സ്വാഗതം ചെയ്ത് കെ.കെ. രമ എംഎല്‍എ. മുന്‍പത്തെപ്പോലെ ഈ വിഷയത്തിലും താന്‍ അതിജീവിതകള്‍ക്കൊപ്പമാണ് ഉറച്ചുനില്‍ക്കുന്നതെന്നും, മാധ്യമങ്ങളില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ

N

News Desk

Published on: 22 Aug 2025, 12:15 pm

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതകള്‍ക്ക് പൂര്‍ണ്ണ പിന്തുണ, കോണ്‍ഗ്രസ് നിലപാടിനെ സ്വാഗതം ചെയ്ത് കെ.കെ രമ

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ച വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച കൃത്യതയാര്‍ന്ന നിലപാടിനെ സ്വാഗതം ചെയ്ത് കെ.കെ. രമ എംഎല്‍എ. മുന്‍പത്തെപ്പോലെ ഈ വിഷയത്തിലും താന്‍ അതിജീവിതകള്‍ക്കൊപ്പമാണ് ഉറച്ചുനില്‍ക്കുന്നതെന്നും, മാധ്യമങ്ങളില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ, എത്ര വലിയ നേതാവായാലും സംരക്ഷിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയും കോണ്‍ഗ്രസ് സ്വീകരിച്ച ധീരമായ നിലപാടാണ് കാണിക്കുന്നത്. സ്ത്രീപീഡന വിഷയങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും കെ.കെ. രമ വിമര്‍ശിച്ചു.

തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളുമായി നിയമപോരാട്ടത്തിന് ഇറങ്ങുന്ന അതിജീവിതമാര്‍ക്ക് സമൂഹം ഇപ്പോഴും പൂര്‍ണ്ണ പിന്തുണ നല്‍കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെ ഒറ്റപ്പെടുത്തി സ്റ്റേറ്റിനെയും പോലീസിനെയും ന്യായീകരിക്കാന്‍ ആയിരക്കണക്കിന് സൈബര്‍ ഹാന്‍ഡിലുകള്‍ പ്രവര്‍ത്തിച്ചതും, സിനിമാരംഗത്തെ അതിജീവിതയ്ക്കും ഒപ്പം നിന്നവര്‍ക്കും നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലുകളും അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ നീതിക്കായി ഒപ്പം നിന്നവരെ ഇപ്പോഴും സമൂഹം അപഹസിക്കുകയാണെന്നും അവര്‍ പറഞ്ഞു.

എത്ര ഒറ്റപ്പെടുത്തലുകള്‍ ഉണ്ടായാലും ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ നിയമപോരാട്ടത്തിന് സന്നദ്ധരായി മുന്നോട്ട് വരണമെന്ന് കെ.കെ. രമ അഭ്യര്‍ത്ഥിച്ചു. അങ്ങനെ മുന്നോട്ട് വരുന്നവര്‍ക്കിടയില്‍ ഐക്യം വളര്‍ത്തിയെടുക്കേണ്ടത് ജനാധിപത്യവാദികളുടെ പൊതുവായ ഉത്തരവാദിത്തമാണെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കെകെ രമയുടെ ഫെയ്‌സ്ബുക്ക് പോസറ്റ് വായിക്കാം

മുൻപ് പല സന്ദർഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോൾ വിവാദമായ ഈ വിഷയത്തിലും അതിജീവിതകൾക്കൊപ്പം തന്നെയാണ്.
മാധ്യമങ്ങളിൽ കാര്യങ്ങൾ പറഞ്ഞ സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ല.
ഇന്നലെ മുതൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡനവാർത്തകളിൽ രാഹുൽമാങ്കൂട്ടത്തിലിൻ്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും അതിലേക്ക് നീളുന്ന സൂചനകൾ നൽകിയിരുന്നു.
എത്ര വലിയ നേതാവായാലും ആരോപിക്കപ്പെട്ട പോലെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ സംരക്ഷിക്കുകയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഖണ്ഡിതമായി പ്രസ്താവിക്കുകയും രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തിരിക്കുന്നു.
ഒരു വിഷയം ഉയർന്നു വന്നപ്പോൾ വളരെ പെട്ടന്ന് തന്നെ കോൺഗ്രസ് സ്വീകരിച്ച കൃത്യതയാർന്ന ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീപീഡന വിഷയങ്ങളിൽ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.
സ്ത്രീ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുന്നവർക്ക് നിർഭയമായി നിയമ പോരാട്ടം നടത്താനുള്ള സാഹചര്യമുണ്ടാവേണ്ടതുണ്ട്. അതിന് പര്യാപ്തമായ സാമൂഹ്യാന്തരീക്ഷം ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. തങ്ങൾ നേരിട്ട ദുരനുഭവങ്ങളുമായി കോടതിമുറികളിലെത്തിയ അതിജീവിതമാർ പിന്നെയും സാമൂഹ്യ വിചാരണകൾക്ക് വിധേയരാവുകയും അവരെ പിന്തുണച്ചവർ അപഹസിക്കപ്പെടുകയും ചെയ്യുകയാണ്.
പോലീസ് നേരിട്ട് ആത്മഹത്യ എന്ന് ചിത്രീകരിച്ച വളയാർ പെൺകുട്ടികളുടെ കൊലയിൽ അതിൻ്റെ ഉത്തരവാദിത്തം മുഴുവൻ ആ അമ്മയുടെ തലയിൽ കെട്ടിവെച്ച് സ്റ്റേറ്റിനെയും പോലീസിനെയും ന്യായീകരിക്കാനും സംരക്ഷിക്കാനും ആയിരക്കണക്കിന് സൈബർ ഹാൻഡിലുകൾ പണിയെടുത്ത നാടാണ് ഇത്. ആ കേസിൽ നീതി തേടി ഒപ്പം നിന്ന ഞങ്ങളെല്ലാം ഇപ്പോഴും അപഹസിക്കപ്പെടുന്നു.
സിനിമാരംഗത്ത് അതിജീവിതയായ അഭിനേത്രിയുടെയും അവർക്കൊപ്പം നിന്ന കലാകാരികളുടെയും അവസ്ഥ മറിച്ചല്ല.
എത്രമേൽ ഒറ്റപ്പെടുത്തപ്പെട്ടാലും, എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോട് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെ വരുന്നവർക്കിടയിലെ ഐക്യം വളർത്തിയെടുക്കുക എന്നത് ജനാധിപത്യവാദികളുടെയാകെ ഉത്തരവാദിത്തമാണ്.
കെ.കെ രമ

Related Stories