Skip to content
Kerala

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍; സൈനിക നടപടിക്ക് നെതന്യാഹുവിന്റെ യുദ്ധമന്ത്രിസഭ അംഗീകാരം നല്‍കും

ജറുസലേം: ഗസ മുനമ്പ് പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഗസയിലുടനീളം സൈനിക നടപടികള്‍ വ്യാപിപ്പിക്കാന്‍ നെതന്യാഹുവിന്റെ യുദ്ധമന്ത്രിസഭ ഇന്ന് (ചൊവ്വാ

N

News Desk

Published on: 5 Aug 2025, 9:24 am

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍; സൈനിക നടപടിക്ക് നെതന്യാഹുവിന്റെ യുദ്ധമന്ത്രിസഭ അംഗീകാരം നല്‍കും

ജറുസലേം: ഗസ മുനമ്പ് പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഗസയിലുടനീളം സൈനിക നടപടികള്‍ വ്യാപിപ്പിക്കാന്‍ നെതന്യാഹുവിന്റെ യുദ്ധമന്ത്രിസഭ ഇന്ന് (ചൊവ്വാഴ്ച) അംഗീകാരം നല്‍കുമെന്ന് പ്രമുഖ ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ യുദ്ധം രണ്ട് വര്‍ഷത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നിര്‍ണായക നീക്കം. ‘തീരുമാനം എടുത്തു കഴിഞ്ഞു. പൂര്‍ണമായി കീഴടങ്ങാതെ ഹമാസ് ബന്ദികളെ വിട്ടയക്കില്ല, ഞങ്ങള്‍ കീഴടങ്ങുകയുമില്ല. ഇപ്പോള്‍ നടപടി എടുത്തില്ലെങ്കില്‍ ബന്ദികള്‍ പട്ടിണി കിടന്ന് മരിക്കും,’ എന്ന് നെതന്യാഹുവിന്റെ ഓഫീസിലെ പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേലി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന്റെ ഈ നീക്കത്തെ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് നടപ്പാക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, അല്‍ ജസീറയുടെ പ്രതികരണത്തിനുള്ള അഭ്യര്‍ത്ഥനയോട് നെതന്യാഹുവിന്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പോഷകാഹാരക്കുറവും ഇസ്രയേല്‍ ആക്രമണങ്ങളും മൂലം പലസ്തീന്‍കാര്‍ കൊല്ലപ്പെടുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഗസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കാനും യുദ്ധം നിര്‍ത്താനും നെതന്യാഹുവിന് മേല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ട്. തിങ്കളാഴ്ച മാത്രം സഹായം തേടിയെത്തിയ 36 പേര്‍ ഉള്‍പ്പെടെ 74 പലസ്തീന്‍കാര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതോടൊപ്പം, ബന്ദികളാക്കപ്പെട്ട റോം ബ്രസ്ലാവ്‌സ്‌കി, എവിയാറ്റര്‍ ഡേവിഡ് എന്നിവരുടെ ക്ഷീണിച്ച് അവശരായ നിലയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ നെതന്യാഹുവിന് മേല്‍ രാജ്യത്തിനകത്തും സമ്മര്‍ദ്ദം ശക്തമാണ്. എന്നാല്‍, ഹമാസിനെ പൂര്‍ണമായി പരാജയപ്പെടുത്തുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്ന യുദ്ധലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം 18,430 കുട്ടികള്‍ ഉള്‍പ്പെടെ 60,930-ല്‍ അധികം പലസ്തീന്‍കാര്‍ ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 27 പേര്‍ മരിച്ചതായി കരുതുന്നതുള്‍പ്പെടെ 49 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.

Related Stories