Skip to content
Kerala

‘നേതാക്കൾക്ക് മണിയടിക്കുന്നത് രഹസ്യമായി മതി’; വി.ആർ അനൂപിനെതിരെ ആഞ്ഞടിച്ച് എൻ.എസ്.യു.ഐ നേതാവ്

ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വിദ്യാർത്ഥികൾ സ്വീകരണം നൽകിയതിനെ വിമർശിച്ച കോൺഗ്രസ് വക്താവ് വി.ആർ അനൂപിനെതിരെ ആഞ്ഞടിച്ച് എൻ.എസ്.യു.ഐ നേതാവ് സി.കെ ഷാഹിദ്. അനൂപ് കണ്ണടച്ച് ഇരുട്ടാക്കരുതെന്നും, പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ എത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച

N

News Desk

Published on: 13 May 2026, 10:25 am

‘നേതാക്കൾക്ക് മണിയടിക്കുന്നത് രഹസ്യമായി മതി’; വി.ആർ അനൂപിനെതിരെ ആഞ്ഞടിച്ച് എൻ.എസ്.യു.ഐ നേതാവ്

ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വിദ്യാർത്ഥികൾ സ്വീകരണം നൽകിയതിനെ വിമർശിച്ച കോൺഗ്രസ് വക്താവ് വി.ആർ അനൂപിനെതിരെ ആഞ്ഞടിച്ച് എൻ.എസ്.യു.ഐ നേതാവ് സി.കെ ഷാഹിദ്. അനൂപ് കണ്ണടച്ച് ഇരുട്ടാക്കരുതെന്നും, പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ എത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും ഷാഹിദ് പറഞ്ഞു. ഏതെങ്കിലും നേതാവിന് മണിയടിക്കുന്നുണ്ടെങ്കിൽ അത് രഹസ്യമായി അവരുടെ ചെവിയിൽ അടിച്ചാൽ മതിയെന്നും, പ്രവർത്തകരുടെ ആവേശം തിരിച്ചറിയാൻ കഴിയണമെന്നും അദ്ദേഹം തിരിച്ചടിച്ചു.

ചാനൽ ചർച്ചകളിൽ പാർട്ടി വക്താവായി പങ്കെടുക്കുമ്പോൾ സാധാരണക്കാരായ യുഡിഎഫ് പ്രവർത്തകരെ ആക്ഷേപിക്കാൻ പാടില്ലെന്ന് ഷാഹിദ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നിങ്ങൾ മാത്രമല്ല, കേരളത്തിലെ സാധാരണ മലയാളികളും അരിയാഹാരമാണ് കഴിക്കുന്നതെന്ന് അനൂപ് ഓർക്കണം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പാർട്ടിയിലെ എല്ലാ മനുഷ്യരുടെയും വികാരം ഉൾക്കൊള്ളുന്ന വിധത്തിൽ സംസാരിക്കാൻ തയ്യാറാകണമെന്നും ഷാഹിദ് തുറന്നടിച്ചു.

കെപിസിസി പ്രസിഡന്‍റ് വരുന്ന സമയം നോക്കി വി.ഡി സതീശന് സ്വീകരണം നൽകാനായി വിദ്യാ‍ർത്ഥികളെ മനപ്പൂർവ്വം എത്തിച്ചതാണെന്നായിരുന്നു വി.ആ‍ർ അനൂപിന്റെ പ്രധാന ആരോപണം. ഈ ആൾക്കൂട്ടം സ്വാഭാവികമായി ഉണ്ടായതല്ലെന്നും, വണ്ടി വിളിച്ച് മൊബിലൈസ് ചെയ്ത് വരുത്തിയതാണെന്നും ഇവരെയൊക്കെ എത്തിച്ചത് ആരാണെന്ന് തനിക്കറിയാമെന്നും അനൂപ് ആരോപിച്ചിരുന്നു. ഒരു ചാനൽ ച‍ർച്ചയിലായിരുന്നു കോൺഗ്രസ് വക്താവിന്‍റെ ഈ വിവാദ പരാമർശം.

എൻ.എസ്.യു.ഐ കൺവീനർ സി.കെ ഷാഹിദിന്‍റെ നേതൃത്വത്തിലാണ് നാല് ദിവസം മുമ്പ് ഡൽഹിയിലെ കേരള ഹൗസിൽ വി.ഡി സതീശന് ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഹൈക്കമാൻഡ് ചർച്ചകൾക്കായി ഡൽഹിയിലെത്തിയ സതീശനെ പിന്തുണച്ചുകൊണ്ട് ഡല്‍ഹി സര്‍വ്വകലാശാല, ജെഎന്‍യു, ജാമിയ തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകളിലെ വിദ്യാർത്ഥികളായിരുന്നു അന്ന് കേരളാ ഹൗസിലേക്ക് എത്തിയത്.

Related Stories