Skip to content
Kerala

അഭിമുഖം നല്‍കിയതിന് പിന്നാലെ സസ്‌പെന്‍ഷന്‍, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഡോ. ബി. അശോക് ഐഎഎസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നയങ്ങളെയും വിശ്വാസ്യതയെയും പരസ്യമായി ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോക് രംഗത്തെത്തി. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചത്.

N

News Desk

Published on: 30 Apr 2026, 11:23 am

അഭിമുഖം നല്‍കിയതിന് പിന്നാലെ സസ്‌പെന്‍ഷന്‍, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഡോ. ബി. അശോക് ഐഎഎസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നയങ്ങളെയും വിശ്വാസ്യതയെയും പരസ്യമായി ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോക് രംഗത്തെത്തി. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചത്. സര്‍ക്കാരിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ജനവഞ്ചനയാണെന്നും മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ‘മറുനാടന്‍ മലയാളി’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് അശോകിനെതിരെയുള്ള അടിയന്തര സസ്പെന്‍ഷന്‍ നടപടിക്ക് ആധാരമായത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇതിലൂടെ അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ബി. അശോക് ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ വിശ്വാസ്യത തകര്‍ന്നു എന്നതാണ്. 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തിന് ശേഷം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അവിശ്വാസം രൂപപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടതായും, നായര്‍-ഈഴവ സമുദായങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കടുത്ത വികാരം നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവകേരള സദസ്സ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. പാവപ്പെട്ട ജനങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി പണം പിരിച്ചാണ് നവകേരള സദസ്സ് നടത്തിയതെന്നും ഇത് ഭരണകൂടത്തിന്റെ ക്രൂരതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈദ്യുതി മേഖലയിലെ പ്രതിസന്ധികളും സഹകരണ ബാങ്ക് അഴിമതികളും പരിഹരിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെയും ഭരണസംവിധാനത്തിന്റെയും പരാജയമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് സസ്പെന്‍ഷനിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥനെതിരെ ചട്ടപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

 

Related Stories