Skip to content
Kerala

ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല; നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്രകമ്മിറ്റി

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഭജനയ്ക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രംഗത്തെത്തി. ക്ഷേത്രത്തിൽ ഭജന അവതരിപ്പിച്ച നന്ദഗോവിന്ദം ഭജൻസ് ടീം ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്

N

News Desk

Published on: 22 Apr 2026, 11:21 am

ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല; നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്രകമ്മിറ്റി

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഭജനയ്ക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രംഗത്തെത്തി. ക്ഷേത്രത്തിൽ ഭജന അവതരിപ്പിച്ച നന്ദഗോവിന്ദം ഭജൻസ് ടീം ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ക്ഷേത്ര ചടങ്ങുകളിൽ ഇത്തരമൊരു ഗാനം ഉൾപ്പെടുത്തിയത് തെറ്റായോ വലിയ അപരാധമായോ കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി കൺവീനർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളും ജാതിമത ഭേദമന്യേ സഹകരിച്ചാണ് ക്ഷേത്രത്തിലെ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പരിപാടി കാണുന്നതിനായി എല്ലാ മതസ്ഥർക്കും പാസുകൾ വിതരണം ചെയ്തിരുന്നു. വർഷങ്ങളായി തുടരുന്ന നാട്ടിലെ ഏകതയെയും സമ്പ്രദായങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള വിവാദങ്ങളിൽ നിന്നും വിമർശകർ പിന്തിരിയണമെന്നും, സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു ദേശത്തെ ഇത്തരം തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.

ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് കമ്മിറ്റിയുടെ വിശദീകരണം. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുത്” എന്നായിരുന്നു ശശികലയുടെ പരിഹാസം. ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവണതകളെന്നും അവർ വിമർശിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

വിമർശനങ്ങളോട് നന്ദഗോവിന്ദം ഭജൻ ടീമും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിക്ക് പിന്തുണ നൽകിയവരോടുള്ള നന്ദി സൂചകമായാണ് സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ ആ ഗാനം ആലപിച്ചതെന്ന് അവർ പറഞ്ഞു. ഭക്തിയും ഐക്യവും സംഗീതവും വഴി ആളുകളെ ഒന്നിപ്പിക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും ആ ലക്ഷ്യത്തിൽ മാറ്റമില്ലെന്നും ഭജന സംഘം ഫേസ്ബുക്കിൽ കുറിച്ചു.

Related Stories