Skip to content
Kerala

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് ഒരു ലക്ഷം കടന്നു, പുതിയ ചരിത്രം കുറിച്ച് കേരളം

കേരളത്തിലെ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് പുതിയ ചരിത്രം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. പവന് 1,01,600 രൂപയായാണ് ഇന്ന് വില വർദ്ധിച്ചത്. ഗ്രാമിന് 220 രൂപ വർദ്ധിച്ച് 12,700 രൂപയിലും പവന് 1760 രൂപയുടെ വർദ്ധനവുമാണ് ഇന്ന് രേഖ

N

News Desk

Published on: 23 Dec 2025, 12:04 pm

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് ഒരു ലക്ഷം കടന്നു, പുതിയ ചരിത്രം കുറിച്ച് കേരളം

കേരളത്തിലെ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് പുതിയ ചരിത്രം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. പവന് 1,01,600 രൂപയായാണ് ഇന്ന് വില വർദ്ധിച്ചത്. ഗ്രാമിന് 220 രൂപ വർദ്ധിച്ച് 12,700 രൂപയിലും പവന് 1760 രൂപയുടെ വർദ്ധനവുമാണ് ഇന്ന് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകൾ, ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ്, ആഗോളതലത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതാണ് നിലവിലെ കുതിപ്പിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില നിലവിൽ 4487 ഡോളറിലെത്തി നിൽക്കുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്വർണ്ണവിലയിലുണ്ടായ വർദ്ധനവ് അതിശയിപ്പിക്കുന്നതാണ്. 2020-ൽ 40,000 രൂപയുണ്ടായിരുന്ന ഒരു പവൻ സ്വർണ്ണത്തിന് അഞ്ച് വർഷത്തിനിപ്പുറം 60,000 രൂപയിലധികമാണ് വർദ്ധിച്ചത്. ഇതേ കാലയളവിൽ അന്താരാഷ്ട്ര വില 2000 ഡോളറിൽ നിന്ന് 4500 ഡോളറിനടുത്തേക്ക് ഉയർന്നു. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുണ്ടായ മൂല്യത്തകർച്ചയും ആഭ്യന്തര വിപണിയിൽ വില കുതിക്കാൻ കാരണമായിട്ടുണ്ട്.

കേരളത്തിലെ ജനങ്ങളുടെ കൈവശം ഏകദേശം 2000 ടണ്ണിലധികം സ്വർണ്ണ ശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്ത് പ്രതിവർഷം 125 മുതൽ 150 ടണ്ണിലധികം സ്വർണ്ണ വ്യാപാരം നടക്കുന്നുണ്ട്. അന്താരാഷ്ട്ര വില 4500 ഡോളർ കടന്നാൽ സംസ്ഥാനത്ത് ഇനിയും വലിയ വില വർദ്ധനവിന് സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ വൻകിട നിക്ഷേപകർ ലാഭമെടുപ്പിന് തയ്യാറായാൽ വിലയിൽ ചെറിയ തോതിലുള്ള താൽക്കാലിക കുറവ് ഉണ്ടായേക്കാം.

Related Stories