Skip to content
Kerala

ശനിവാര്‍ വാഡയില്‍ മുസ്ലിം സ്ത്രീകള്‍ നമസ്‌ക്കരിച്ചു, സ്ഥലം ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനകള്‍, നമസ്‌ക്കരിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി എംപി

മഹാരാഷ്ട്രയിലെ പുണെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർ വാഡയിൽ മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിനെ തുടർന്ന് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ‘ശുദ്ധികലശം’ നടത്തി. ബി.ജെ.പി രാജ്യസഭ എം.പി മേധ കുൽക്കർണിയുടെ നേതൃത്വത്തിലായിരുന്നു ഗോമൂത്രം തളിച്ച് ശുദ്ധീകരണ ചടങ്ങുകൾ നടന്നത്. നമസ്കരിച്ച സ്ത്രീകൾക്കെതിരെ ശക്തമായ നട

N

News Desk

Published on: 20 Oct 2025, 12:17 pm

ശനിവാര്‍ വാഡയില്‍ മുസ്ലിം സ്ത്രീകള്‍ നമസ്‌ക്കരിച്ചു, സ്ഥലം ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനകള്‍, നമസ്‌ക്കരിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി എംപി

മഹാരാഷ്ട്രയിലെ പുണെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർ വാഡയിൽ മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിനെ തുടർന്ന് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ‘ശുദ്ധികലശം’ നടത്തി. ബി.ജെ.പി രാജ്യസഭ എം.പി മേധ കുൽക്കർണിയുടെ നേതൃത്വത്തിലായിരുന്നു ഗോമൂത്രം തളിച്ച് ശുദ്ധീകരണ ചടങ്ങുകൾ നടന്നത്. നമസ്കരിച്ച സ്ത്രീകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മേധ കുൽക്കർണി ആവശ്യപ്പെട്ടു.

പ്രതിഷേധവും ശുദ്ധീകരണവും

  • ശനിവാർ വാഡ സന്ദർശിക്കാനെത്തിയ മുസ്‌ലിം സ്ത്രീകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
  • ഇതിനുപിന്നാലെ ഞായറാഴ്ച, പതിത് പവൻ, ഹിന്ദു സകാൽ സമാജം തുടങ്ങിയ ഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകർ ചേർന്ന് ഗോമൂത്രം തളിച്ചും ശിവനെ ആരാധിച്ചും സ്ഥലം ‘ശുദ്ധീകരിച്ചു’.
  • ശനിവാർ വാഡ മുസ്‌ലിംകൾക്ക് പ്രാർഥന നടത്താനുള്ള സ്ഥലമല്ലെന്ന് പറഞ്ഞ മേധ കുൽക്കർണി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കണമെന്നും എക്‌സിൽ കുറിച്ചു.

അതെസമയം നഗരസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ, വോട്ടർമാരെ ധ്രുവീകരിക്കാൻ വേണ്ടിയാണ് ബി.ജെ.പി എം.പി ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് അജിത് പവാർ നയിക്കുന്ന എൻ.സി.പി, കോൺഗ്രസ്, എ.എ.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.

സ്ഥലത്തിന്റെ പ്രാധാന്യം

മറാത്ത സാമ്രാജ്യത്തിന്റെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ കോട്ടയാണ് ശനിവാർ വാഡ. ശിവജിയുടെ പിൻമുറക്കാരനായ ചക്രവർത്തി ഷാഹു മഹാരാജാവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമനാണ് 1736-ൽ ഇത് പണികഴിപ്പിച്ചത്. 1818 വരെ ഇത് പേഷ്വാകളുടെ ആസ്ഥാനമായിരുന്നു. നിലവിൽ ഈ കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) കീഴിലാണ്. നമസ്‌കാരം നടത്തിയ സംഭവത്തിൽ പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് കമ്മീഷണർ പ്രതികരിച്ചു.

Related Stories