Skip to content
Kerala

കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ കെട്ടിടം തകർന്നു വീണു, ആളപായമില്ല

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയെത്തുടർന്ന് ക്ലോക്ക് ടവർ കെട്ടിടം തകർന്നു വീണു. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും ആളപായമില്ല. തകർന്നുവീണ കെട്ടിടത്ത

N

News Desk

Published on: 9 Jul 2026, 12:46 pm

കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ കെട്ടിടം തകർന്നു വീണു, ആളപായമില്ല

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയെത്തുടർന്ന് ക്ലോക്ക് ടവർ കെട്ടിടം തകർന്നു വീണു. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും ആളപായമില്ല.

തകർന്നുവീണ കെട്ടിടത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. വളരെക്കാലമായി അപകടാവസ്ഥയിലായിരുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റാൻ റെയിൽവേ അധികൃതർ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തുടർനടപടികളോ പൊളിക്കാനുള്ള പ്രവൃത്തികളോ ആരംഭിച്ചിരുന്നില്ല. ഇത്രയും അപകടാവസ്ഥയിലായിരുന്നിട്ടും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന സൂചന ബോർഡുകളൊന്നും ഈ ഭാഗത്ത് സ്ഥാപിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

അപകടം നടക്കുന്ന സമയത്ത് രണ്ടാം പ്ലാറ്റ്‌ഫോമിൽ ഒരു ട്രെയിൻ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഈ ട്രെയിനിന് സമീപത്തേക്കാണ് വീണത്. കെട്ടിടം തകർന്നതിനെ തുടർന്ന് ഈ റൂട്ടിലുള്ള ട്രെയിൻ സർവീസുകളെയും ഇത് ബാധിച്ചു. അപകടത്തിന് പിന്നാലെ നേത്രാവതി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related Stories