Skip to content
Kerala

കനത്ത പോളിങ്: കേരളം വിധിയെഴുതി; മുന്നണികൾക്ക് ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ

നാലാഴ്ച നീണ്ടുനിന്ന ആവേശകരമായ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി. കനത്ത ചൂടിനെ അവഗണിച്ച് വോട്ടർമാർ വലിയ ആവേശത്തോടെയാണ് പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. വൈകുന്നേരം അഞ്ച് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75 ശതമാനത്തിലധികം പോളിങ്

N

News Desk

Published on: 9 Apr 2026, 8:40 pm

കനത്ത പോളിങ്: കേരളം വിധിയെഴുതി; മുന്നണികൾക്ക് ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ

നാലാഴ്ച നീണ്ടുനിന്ന ആവേശകരമായ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി. കനത്ത ചൂടിനെ അവഗണിച്ച് വോട്ടർമാർ വലിയ ആവേശത്തോടെയാണ് പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. വൈകുന്നേരം അഞ്ച് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ഇത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന പോളിങ് ശതമാനമാണ്.

സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോളിങ് 80 ശതമാനവും കടന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് മണി വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും, പല ബൂത്തുകളിലും സമയം കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിലുണ്ടായ വർദ്ധനവ് വിജയസാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന ചർച്ചയിലാണ് രാഷ്ട്രീയ പാർട്ടികൾ.

പോളിങ് പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും ഒറ്റപ്പെട്ട സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂരിലും തിരുവനന്തപുരത്തെ കാട്ടാക്കടയിലും കള്ളവോട്ട് പരാതികൾ ഉയർന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും രാഷ്ട്രീയ പ്രവർത്തകർക്കെതിരെയും വിവിധയിടങ്ങളിൽ പരാതികൾ നൽകിയിട്ടുണ്ട്. കേരളത്തിനൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും യഥാക്രമം 84.42, 86.92 ശതമാനം എന്നിങ്ങനെ കനത്ത പോളിങ് രേഖപ്പെടുത്തി.

ഇനി മെയ് നാലിലെ വോട്ടെണ്ണൽ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് മുന്നണികൾ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫും, ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. വോട്ടുകൾ പെട്ടിയിലായതോടെ വിജയപരാജയങ്ങൾ പ്രവചിക്കുന്ന കണക്കുകൂട്ടലുകളിലാണ് മുന്നണി കേന്ദ്രങ്ങൾ. അടുത്ത 25 ദിവസം കേരള രാഷ്ട്രീയത്തിൽ നിശബ്ദമായ കാത്തിരിപ്പിന്റേതാകും. മെയ് നാലിന് വോട്ടെണ്ണുന്നതോടെ കേരളത്തിന്റെ പുതിയ ഭരണസാരഥികൾ ആരെന്ന് വ്യക്തമാകും.

Related Stories