Skip to content
Kerala

ആരോഗ്യവകുപ്പിലെ നിയമനം: ധനമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിൽ തർക്കം

തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭായോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും ധനമന്ത്രി കെ.എൻ. ബാലഗോപാലും തമ്മിൽ രൂക്ഷമായ തർക്കം. പുതുതായി ആരംഭിച്ച കാസർകോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിൽ 180 ഡോക്ടർമാരെ നിയമിക്കണമെന്നായിരുന്നു ആരോഗ്യവകുപ്പ

N

News Desk

Published on: 7 Nov 2025, 10:50 am

ആരോഗ്യവകുപ്പിലെ നിയമനം: ധനമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിൽ തർക്കം

തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭായോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും ധനമന്ത്രി കെ.എൻ. ബാലഗോപാലും തമ്മിൽ രൂക്ഷമായ തർക്കം. പുതുതായി ആരംഭിച്ച കാസർകോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിൽ 180 ഡോക്ടർമാരെ നിയമിക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആവശ്യം. എന്നാൽ, നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത്രയധികം തസ്തികകൾ അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി കടുത്ത നിലപാടെടുത്തു.

ആവശ്യപ്പെട്ട തസ്തികകൾ അനുവദിക്കാൻ ധനവകുപ്പ് തയ്യാറാകാത്തതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് യോഗത്തിൽ രോഷപ്രകടനം നടത്തി. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അപര്യാപ്തതയും പുതിയ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിലെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം കാരണം നിലവിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് തർക്കത്തിലേക്ക് വഴിവെച്ചു.

ധനവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ തീരുമാനം ആരോഗ്യമന്ത്രിയെ പ്രകോപിപ്പിച്ചു. കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിലായി 30 തസ്തികകൾ മാത്രമേ നിലവിൽ സൃഷ്ടിക്കാൻ കഴിയൂ എന്ന് ധനവകുപ്പ് അറിയിച്ചു. കൂടാതെ, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലേക്കായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽനിന്ന് 34 ഡോക്ടർമാരെ സ്ഥലം മാറ്റാമെന്ന ഒത്തുതീർപ്പ് നിർദ്ദേശവും ധനമന്ത്രി മുന്നോട്ടുവെച്ചു.

ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. തുടർന്ന്, തസ്തികാനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി എ. ജയതിലകിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നിരുന്നാലും, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ അടിയന്തരമായ ഒരു പരിഹാരം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

Related Stories