താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്
ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ പൂർണമായി അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കണമെന്ന് നിർദേശിച്ച് ബോർഡ് ചെയർപേഴ്സൺ

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ പൂർണമായി അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കണമെന്ന് നിർദേശിച്ച് ബോർഡ് ചെയർപേഴ്സൺ 2026 ആഗസ്റ്റ് 5-നാണ് ക്ലോഷർ ഓർഡർ പുറപ്പെടുവിച്ചത്. 1974-ലെ ജല മലിനീകരണ നിരോധന നിയമത്തിലെ സെക്ഷൻ 33A, 1981-ലെ വായു മലിനീകരണ നിരോധന നിയമത്തിലെ സെക്ഷൻ 31A എന്നീ വകുപ്പുകൾ പ്രകാരമാണ് ബോർഡിന്റെ ഈ കർശന നടപടി.
താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപമാണ് ഈ പൗൾട്രി റെൻഡറിങ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനാണ് പ്ലാന്റ് സ്ഥാപിച്ചതെങ്കിലും, അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. 20 ടൺ മാത്രം ശേഷിയുള്ള പ്ലാന്റിൽ പ്രതിദിനം 200 ടണ്ണോളം മാലിന്യമാണ് എത്തിച്ചിരുന്നത്. മുൻപ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കിയിരുന്നെങ്കിലും കമ്പനി മലിനീകരണം തുടർന്നു.
പ്ലാന്റിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധവും സമീപത്തെ ജനവാസ മേഖലയിലേക്കും ഇരുതുള്ളി പുഴയിലേക്കും മാലിന്യം ഒഴുകിയെത്തിയതും പ്രദേശത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. മലിനീകരണ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരവും കാണാൻ കമ്പനി തയ്യാറാകാതിരുന്നതാണ് ഇപ്പോൾ പ്ലാന്റ് പൂട്ടിയിടാനുള്ള തീരുമാനത്തിലേക്ക് മലിനീകരണ നിയന്ത്രണ ബോർഡിനെ നയിച്ചത്.
ദുരിതബാധിതരായ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയും പ്രദേശവാസികളുടെ തുടർച്ചയായ പരാതികളും പ്രതിഷേധങ്ങളും പരിഗണിച്ചുമാണ് മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റിനെതിരെ അന്തിമ നടപടിയെടുത്തത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
