‘ജയിലിൽ കഴിയുന്നത് പാവങ്ങൾ, വേതന വർധനവിനെ എതിർക്കുന്നത് ക്രൂരത’; ജയില്‍പുള്ളികളെ ന്യായീകരിച്ച് ഇ.പി. ജയരാജൻ
ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജയിലിൽ കഴിയുന്നത് ഭൂരിഭാഗവും പാവങ്ങളാണെന്നും അവരുടെ വേതന വർധനവിനെ എതിർക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും സാഹചര്യങ്ങൾ കൊണ്ട

ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജയിലിൽ കഴിയുന്നത് ഭൂരിഭാഗവും പാവങ്ങളാണെന്നും അവരുടെ വേതന വർധനവിനെ എതിർക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും സാഹചര്യങ്ങൾ കൊണ്ടാണ് കുറ്റവാളികളായതെന്ന് ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി. കൊലക്കുറ്റം ചെയ്തവർ വരെ ജയിലിലുണ്ടാകാം, എന്നാൽ പലരുടെയും പശ്ചാത്തലം പരിശോധിച്ചാൽ അത് ദാരിദ്ര്യമോ മറ്റു സാഹചര്യങ്ങളോ ആണെന്ന് കാണാം. ജയിലിൽ സോപ്പോ മറ്റു അത്യാവശ്യ സാധനങ്ങളോ വാങ്ങണമെങ്കിൽ തടവുകാർക്ക് ഈ തുക ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് നാട്ടിലേക്ക് പോകാനുള്ള പണമെങ്കിലും ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ തടവുകാരുടെ വേതനം 620 രൂപയായി സർക്കാർ കുത്തനെ വർധിപ്പിച്ചിരുന്നു. അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, സാധാരണ തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും വേതനത്തേക്കാൾ ഉയർന്ന തുകയാണിതെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം.
ആശാ വർക്കർമാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കൂലി വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ജയരാജൻ വ്യക്തമാക്കി. അവരുടെ പ്രശ്നങ്ങളിൽ കേന്ദ്രത്തോടാണ് പരാതി പറയേണ്ടത്. തടവുകാർക്ക് കൂലി കൂട്ടിയതുമായി അതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഒരാൾക്ക് ഗുണം കിട്ടുമ്പോൾ മറ്റൊരാൾക്ക് കിട്ടിയില്ലല്ലോ എന്ന് പറയുന്നതിലെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു.
മറ്റു രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ശബരിമല വിഷയത്തിൽ ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ കോൺഗ്രസ് തിരിച്ചടിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, കോൺഗ്രസ് മറ്റു പാർട്ടികളെ പരിഗണിക്കാതെ എല്ലാ സീറ്റിലും മത്സരിച്ചത് പിഴവാണെന്നും തെറ്റുകൾ തിരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
