Skip to content
Kerala

മകനെ ബി.ജെ.പി സ്ഥാനാർഥിയാക്കാൻ ശോഭാ സുരേന്ദ്രൻ ശ്രമിച്ചു – ആത്മകഥയിൽ ഇ.പി. ജയരാജൻ

തൻ്റെ മകനെ ബി.ജെ.പി. സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. നേതാവായ ശോഭാ സുരേന്ദ്രൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി സി.പി.എം. നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. തൻ്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിലാണ് ജയരാജന്‍ ഇക്കാര്യം പറയുന്നു. എറണാകുളത്തെ ഒരു വിവാഹച്ചടങ്ങിൽവെച്ച് ശോഭാ സുരേന്ദ്രൻ മകനെ പരിചയപ്പെടുകയ

N

News Desk

Published on: 4 Nov 2025, 11:17 am

മകനെ ബി.ജെ.പി സ്ഥാനാർഥിയാക്കാൻ ശോഭാ സുരേന്ദ്രൻ ശ്രമിച്ചു – ആത്മകഥയിൽ ഇ.പി. ജയരാജൻ

തൻ്റെ മകനെ ബി.ജെ.പി. സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. നേതാവായ ശോഭാ സുരേന്ദ്രൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി സി.പി.എം. നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. തൻ്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിലാണ് ജയരാജന്‍ ഇക്കാര്യം പറയുന്നു.

എറണാകുളത്തെ ഒരു വിവാഹച്ചടങ്ങിൽവെച്ച് ശോഭാ സുരേന്ദ്രൻ മകനെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയ മകൻ ഫോൺ എടുത്തില്ലെന്നും ഇ.പി. ജയരാജൻ ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിൽ പറയുന്നു. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നതെന്ന് മനസ്സിലാക്കിയതിനാലാണ് മകൻ പ്രതികരിക്കാതിരുന്നത്. എന്നിട്ടും അവർ തികഞ്ഞ ആധികാരികതയോടെ പച്ചക്കള്ളം പറഞ്ഞുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നു.

ആത്മകഥയുടെ ഉള്ളടക്കത്തിൽ, കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ വിവാദങ്ങളിലും ഇ.പി. ജയരാജൻ തൻ്റെ അമർഷം മറച്ചുവെക്കുന്നില്ല. വൈദേകം വിഷയം സി.പി.എം. സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ചത് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപ്പോലെ സഹായിച്ചതിനെയാണ് പി. ജയരാജൻ അന്ന് ചോദ്യം ചെയ്തത്. എന്നാൽ, ഈ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും, ഇത് തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്നും ഇ.പി. ജയരാജൻ പറയുന്നു.

ദിവസങ്ങളോളം ഈ വാർത്ത പ്രചരിച്ചത് തനിക്ക് വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകാൻ കാരണമായെന്നും, ആ സമയത്ത് ശരിയായ വ്യക്തത വരുത്തിയിരുന്നെങ്കിൽ ഇങ്ങനെയുള്ള അധിക്ഷേപങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആത്മകഥയിൽ വിശദീകരിക്കുന്നു. പി. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കപ്പെട്ടുവെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടുന്നു. ഈ വിവാദങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണങ്ങളും, നിലപാടുകളുമാണ് പുസ്തകത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇ.പി. ജയരാജൻ്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ജയരാജൻ ശിശുസഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. പുസ്തകം ഇ.പി. ജയരാജൻ്റെ സ്വന്തം കഥ എന്നതിലുപരി പ്രസ്ഥാനത്തിൻ്റെയും കാലഘട്ടത്തിൻ്റെയും കഥ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ജയരാജൻ ശരിയായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറിക്കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഈ പുസ്തക പ്രകാശന ചടങ്ങിൽ പി. ജയരാജൻ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Related Stories