Skip to content
Kerala

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കൊല്ലം കോടതി

കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 30 വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണമെന്നും അതിനുശേഷം ജീവപര്യന്തം തടവ് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. കൊലപാതകം, തെളിവ് നശിപ്പിക്ക

N

News Desk

Published on: 21 Mar 2026, 2:26 pm

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കൊല്ലം കോടതി

കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 30 വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണമെന്നും അതിനുശേഷം ജീവപര്യന്തം തടവ് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം കേരള ആരോഗ്യരക്ഷാ സേവനപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2023 മെയ് 10-നായിരുന്നു കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമിലിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരെയും മറ്റും ആക്രമിച്ച ശേഷമാണ് രക്ഷപെടാൻ കഴിയാതിരുന്ന വന്ദനയെ പ്രതി ക്രൂരമായി കുത്തിവീഴ്ത്തിയത്. 27 തവണയാണ് സന്ദീപ് വന്ദനയെ കുത്തിയത്.

പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇതൊരു ‘അപൂർവങ്ങളിൽ അപൂർവമായ’ കേസായി കോടതി പരിഗണിക്കാതിരുന്നതിനാലാണ് വധശിക്ഷ ഒഴിവായതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പറഞ്ഞു. ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രോസിക്യൂഷൻ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വധശിക്ഷ ലഭിക്കാത്തതിൽ തങ്ങൾ തൃപ്തരല്ലെന്ന സൂചനയാണ് പ്രോസിക്യൂഷൻ നൽകുന്നത്.

വിധിയോട് വൈകാരികമായാണ് വന്ദനയുടെ മാതാപിതാക്കൾ പ്രതികരിച്ചത്. വിധി ആശ്വാസകരമാണെങ്കിലും മകൾക്ക് പൂർണ്ണമായ നീതി ലഭിച്ചുവെന്ന് പറയാൻ കഴിയില്ലെന്ന് പിതാവ് പ്രതികരിച്ചു. തന്റെ മകൾ അനുഭവിച്ച അതേ വേദന പ്രതിയും അനുഭവിക്കണമെന്നും 27 തവണ കുത്തി മുറിവേൽപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും വന്ദനയുടെ മാതാവ് കണ്ണീരോടെ പറഞ്ഞു. ശിക്ഷാ വർദ്ധനവിനായി അപ്പീൽ പോകുന്ന കാര്യം പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കുടുംബം അറിയിച്ചു.

Related Stories