വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം: സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു; പ്രതികരണം വൈകിയതില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ വൈകിയതിലും, പ്രതികരണത്തിന്റെ മൂര്‍ച്ച കുറഞ്ഞതിലും സിപിഎമ്മില്‍ കടുത്ത അതൃപ്തി. വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെ നടത്തിയ പ്രസ്താവനയിലും, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വിഷയത്തില്‍ മൗനം പാലിക

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ വൈകിയതിലും, പ്രതികരണത്തിന്റെ മൂര്‍ച്ച കുറഞ്ഞതിലും സിപിഎമ്മില്‍ കടുത്ത അതൃപ്തി. വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെ നടത്തിയ പ്രസ്താവനയിലും, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വിഷയത്തില്‍ മൗനം പാലിക്കുന്നതിലും പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ തന്നെ വിമര്‍ശനം ശക്തമായി.
വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും, സിപിഎമ്മിന്റെ പ്രതികരണം വരാന്‍ ഒരു ദിവസത്തിലേറെ വൈകിയത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒടുവില്‍ പുറത്തിറക്കിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിലാകട്ടെ, വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിക്കാതെ, പൊതുവായ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. ഇതിനുപുറമെ, പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന് വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷവും വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി.
പാര്‍ട്ടിയുടെ ഈ മൃദുസമീപനം, സിപിഎമ്മിന്റെ മതനിരപേക്ഷ നിലപാടുകളില്‍ സംശയമുണ്ടാക്കുന്നുവെന്ന് ചില നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെതിരെ സൈബര്‍ ഇടങ്ങളിലും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ, വിശദീകരണവുമായി രംഗത്തിറങ്ങേണ്ട ഗതികേടിലാണ് പല നേതാക്കളും.
വോട്ടിനോ സീറ്റിനോ വേണ്ടി നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന പാര്‍ട്ടിയല്ല തങ്ങളെന്നും, മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും സിപിഎം ആവര്‍ത്തിക്കുമ്പോഴും, വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകളെ കൈകാര്യം ചെയ്ത രീതി പാര്‍ട്ടിക്കുള്ളില്‍ വലിയൊരു വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ അലോസരപ്പെടുത്തിയിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
