Skip to content
Kerala

വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കി കർണാടക ആർ.ടി.സി; കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ

കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർഥികൾക്ക് യാത്ര പൂർണ്ണമായും സൗജന്യമാക്കി കർണാടക ആർ.ടി.സി ഉത്തരവിറക്കി. വിദ്യാർഥികൾ തങ്ങൾ പഠിക്കുന്ന സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം കർണാടക ആർ.ടി.സി ഡിപ്പോകളിൽ ഹാജരാക്കിയാൽ സൗജന്യ യാത്രാ പാസ് ലഭിക്കും. കാസർകോട് ജില്ലയുടെ അതിർത്തി പങ്കി

N

News Desk

Published on: 13 Jun 2026, 10:02 pm

വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കി കർണാടക ആർ.ടി.സി; കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ

കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർഥികൾക്ക് യാത്ര പൂർണ്ണമായും സൗജന്യമാക്കി കർണാടക ആർ.ടി.സി ഉത്തരവിറക്കി. വിദ്യാർഥികൾ തങ്ങൾ പഠിക്കുന്ന സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം കർണാടക ആർ.ടി.സി ഡിപ്പോകളിൽ ഹാജരാക്കിയാൽ സൗജന്യ യാത്രാ പാസ് ലഭിക്കും. കാസർകോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന വിവിധ ഭാഗങ്ങളിൽ നിന്നും മംഗളൂരു, പുത്തൂർ, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലെ കലാലയങ്ങളിൽ പഠിക്കാനായി പോകുന്ന മലയാളി വിദ്യാർഥികൾക്കും ഈ നിർണായക തീരുമാനം ഏറെ ഉപകാരപ്രദമാകും.

നിലവിൽ നിശ്ചിത തുക ഫീസ് നൽകിയാണ് വിദ്യാർഥികൾ യാത്രാ പാസുകൾ കൈപ്പറ്റിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം പാസിനായി മുൻകൂട്ടി തുക അടച്ചവർക്ക് അത് ഉടൻ തന്നെ തിരികെ നൽകാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇരുന്നോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ നിന്നോ കർണാടക സർക്കാരിന്റെ ‘സേവസിന്ധു’ പോർട്ടൽ വഴി ഓൺലൈനായി സൗജന്യ പാസിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ സൗകര്യാർഥം 123 പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

അതേസമയം, കേരളത്തിൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി ജൂൺ 15-ന് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്ന് രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ എന്ന പ്രത്യേക സ്റ്റിക്കറുകൾ പതിക്കുമെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം സർവീസ് നടത്തുന്ന ആദ്യ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും രാവിലെ 8.30-ന് ശേഷമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി അറിയിച്ചു. സൌജന്യ യാത്രാ പദ്ധതികൾക്ക് പുറമെ കോർപ്പറേഷന്റെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി പരസ്യങ്ങളും ബസ് സ്‌പോൺസർഷിപ്പുകളും നടപ്പിലാക്കും. നിലവിൽ സർവീസ് നടത്തുന്ന 58 ഗ്രാമവണ്ടികളുടെ എണ്ണം 500 ആയി ഉയർത്തുമെന്നും, സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories