യൂത്ത് ലീഗ് മെമ്പര്ഷിപ്പ് കാമ്പയിന് പാളുന്നു, സംഘടന പിടിക്കാന് തന്ത്രങ്ങളുമായി ഫിറോസ് ഗ്രൂപ്പ്
മുസ്ലിം യൂത്ത് ലീഗിൽ സംഘടനാപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ടിയിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് തുടർച്ചയായി ലംഘിക്കപ്പെട്ടതോടെയാണ് നേതൃതലത്തിൽ പ്രതിസന്ധി ഉടലെടുത്തത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി പത്ത് വർഷത്തോളം നേതൃത്വത്തിൽ

മുസ്ലിം യൂത്ത് ലീഗിൽ സംഘടനാപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ടിയിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് തുടർച്ചയായി ലംഘിക്കപ്പെട്ടതോടെയാണ് നേതൃതലത്തിൽ പ്രതിസന്ധി ഉടലെടുത്തത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി പത്ത് വർഷത്തോളം നേതൃത്വത്തിൽ തുടരുന്നത് ഒരു തലമുറയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന വിമർശനം ശക്തമാണ്.
പുതിയ മെമ്പർഷിപ്പ് ക്യാമ്പയിനിൽ 1985ലോ അതിന് ശേഷമോ ജനിച്ചവർക്ക് (പരമാവധി 40 വയസ്സ്) മാത്രമായി പ്രായപരിധി നിശ്ചയിച്ചത് നിലവിലെ സംസ്ഥാന ഭാരവാഹികളിൽ മിക്കവരെയും പുറത്താക്കുന്ന സാഹചര്യമുണ്ടാക്കി. നാമനിർദേശം ചെയ്യപ്പെട്ട വനിതാ നേതാവ് ഒഴികെ മറ്റെല്ലാവരും പ്രായപരിധിക്ക് പുറത്താണ്. ഇതേ അവസ്ഥ ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും നിലനിൽക്കുന്നതിനാൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങളിലും പുതിയ കമ്മിറ്റി രൂപീകരണത്തിലും നേതാക്കൾക്ക് താൽപ്പര്യം കുറഞ്ഞു.
മെയ് ഒന്നിന് ആരംഭിച്ച മെമ്പർഷിപ്പ് വിതരണം മെയ് 31ന് അവസാനിക്കാനിരിക്കെ, 9 ലക്ഷം ഫോറം ഇഷ്യൂ ചെയ്തിട്ടും ഇരുപത് ദിവസം പിന്നിടുമ്പോൾ അയ്യായിരം പേർക്ക് പോലും നൽകാനായിട്ടില്ലെന്നാണ് വിവരം.

ഫിറോസ് പക്ഷത്തിന്റെ കരുനീക്കങ്ങൾ
അതേസമയം, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു നേതാവിനെ സംസ്ഥാന പ്രസിഡന്റാക്കാനും ജില്ലാ കമ്മിറ്റികൾ പിടിക്കാനും ലക്ഷ്യമിട്ട് പി.കെ ഫിറോസ് പക്ഷം ശക്തമായ ഇടപെടലുകൾ നടത്തുന്നതായി ആരോപണമുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ചിലരെ ജില്ലാ, സംസ്ഥാന ഭാരവാഹികളായി നാമനിർദേശം ചെയ്തത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത് സംഘടനാ മര്യാദകൾക്ക് വിരുദ്ധമാണെന്ന് മറുപക്ഷം വിമർശിക്കുന്നു.
വി.കെ.എം ഷാഫി, അൻവർ ഷാഫി ഹുദവി, കെ.എം ഫവാസ്, റിയാസ് പുൽപ്പറ്റ (മലപ്പുറം), ഷബീർ ഷാജഹാൻ (കോട്ടയം) എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്കും, ഹാഷിം ബബ്രാണി (കാസർഗോഡ് ജില്ലാ ഭാരവാഹി), മുസ്തഫ മുണ്ടംപൊക്കിൽ, അലി പട്ടാമ്പി, ഉമർ ചോലശ്ശേരി (പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമാർ), കെ.എം ഷിബു, സൈനുദ്ദീൻ കൈതച്ചിറ, കാദർ പൊന്നങ്ങോട് (പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും നോമിനേറ്റ് ചെയ്തതായി പറയപ്പെടുന്നു. ഇത്തരത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടവരെ സംസ്ഥാന കൗൺസിലർമാരാക്കിയും റിട്ടേണിംഗ് ഓഫീസർമാരാക്കിയും സംഘടന പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഈ വിഷയത്തിൽ ചില നേതാക്കൾ ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് പരാതി അറിയിച്ചിട്ടുണ്ട്.
പതിറ്റാണ്ട് നീണ്ട നേതൃത്വം

2016 ഡിസംബറിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി ആദ്യ കമ്മിറ്റി നിലവിൽ വന്നത്. എം.എ സമദായിരുന്നു ട്രഷറർ. മൂന്ന് വർഷത്തെ കാലാവധി അഞ്ച് വർഷം വരെ നീണ്ടു. 2021 ഒക്ടോബറിലെ തിരഞ്ഞെടുപ്പിലും ഇതേ നേതൃത്വം തുടർന്നു. 2021ലെ മെമ്പർഷിപ്പ് സമയത്ത് ഫിറോസിന് 40 വയസ്സ് കഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന് തുടരാൻ അവസരം ലഭിച്ചു. 2016ൽ തിരഞ്ഞെടുക്കപ്പെട്ട പതിനാറംഗ സംസ്ഥാന ഭാരവാഹികളിൽ അഞ്ച് പേർ മാത്രമാണ് 2021ലെ കമ്മിറ്റിയിലും തുടർന്നത്. നിലവിലെ കമ്മിറ്റിയിൽ ഫാത്തിമ തഹ്ലിയ ഒഴികെ മറ്റാർക്കും അടുത്ത കമ്മിറ്റിയിൽ തുടരാനാകില്ല. ഈ സാഹചര്യം താഴെത്തട്ടിലും മെമ്പർഷിപ്പ് പ്രവർത്തനങ്ങളെ നിർജീവമാക്കിയിട്ടുണ്ട്. മെയ് 31നകം മെമ്പർഷിപ്പ് പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയാണ് ജില്ലാ നേതാക്കൾ പങ്കുവെക്കുന്നത്.
താനൂരിലെ തോൽവി ഫിറോസിനെ തളർത്തിയോ?
യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ ആദ്യ ടേമിൽ പി.കെ ഫിറോസ് മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ വി. അബ്ദുറഹ്മാനോട് പരാജയപ്പെട്ടത് ഫിറോസിന്റെ പ്രവർത്തനങ്ങളിൽ മങ്ങലുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എം.എസ്.എഫിലും യൂത്ത് ലീഗിലും ശക്തമായ അനുയായി വൃന്ദത്തെ സൃഷ്ടിച്ച ഫിറോസിന് ഈ തോൽവി വലിയ ആഘാതമായി. രണ്ടാം ടേമിൽ ഫിറോസിന്റെയും സംഘടനയുടെയും പ്രകടനം നിറം മങ്ങിയതായി വിമർശനമുണ്ട്. സമരരംഗത്തും രാഷ്ട്രീയ ശ്രദ്ധ നേടുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിലും യൂത്ത് ലീഗ് പിന്നോട്ട് പോയതായി അണികൾക്കിടയിലും ഭാരവാഹി യോഗങ്ങളിലും വിമർശനം ഉയർന്നിരുന്നു. ഈ മുരടിപ്പ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും പ്രകടമാണ്. കാലാവധി പൂർത്തിയാക്കുക എന്നതിലേക്ക് ഫിറോസും ടീമും ഒതുങ്ങിയതാണ് സംഘടനാപരമായ ഈ മരവിപ്പിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
‘ദോത്തി ചാലഞ്ച്’ ഉയർത്തിയ വിവാദങ്ങൾ
600 രൂപയുടെ കൂപ്പൺ നൽകി കോട്ടൺ മുണ്ട് വിതരണം ചെയ്യുന്ന “ദോത്തി ചാലഞ്ച്” പദ്ധതിയിലൂടെ യൂത്ത് ലീഗ് വലിയ തുക സമാഹരിച്ചെങ്കിലും ഗുണനിലവാരമില്ലാത്ത മുണ്ടുകൾ നൽകിയെന്ന ആക്ഷേപം ശക്തമായിരുന്നു. 160-180 രൂപ വിലവരുന്ന കോട്ടൺ മിക്സ് ചെയ്ത മുണ്ടുകളാണ് 600 രൂപക്ക് വിറ്റതെന്ന വിമർശനം നേതൃയോഗങ്ങളിൽ ഉയർന്നെങ്കിലും വ്യക്തമായ വിശദീകരണം നൽകാൻ സംസ്ഥാന നേതൃത്വത്തിനായില്ല. മുനവ്വറലി തങ്ങൾ അധ്യക്ഷനായതുകൊണ്ട് മാത്രമാണ് ഈ വിഷയം കൂടുതൽ വഷളാകാതിരുന്നതെന്നാണ് വിലയിരുത്തൽ. ഈ ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് നഗരത്തിൽ വാങ്ങിയ കെട്ടിടം കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറി.
‘ടീ ഗാല’യുടെ പരാജയം
“ദോത്തി ചാലഞ്ചി”ന്റെ മാതൃകയിൽ വനിതാ ലീഗ് ചായപ്പൊടി വിറ്റ് ഫണ്ട് സമാഹരിക്കാൻ ലക്ഷ്യമിട്ട “ടീ ഗാല” ക്യാമ്പയിൻ ക്ലച്ച് പിടിച്ചില്ല. “ദോത്തി ചാലഞ്ചി”ലുണ്ടായ മോശം അനുഭവം കാരണം ചായപ്പൊടിയുടെ ഗുണനിലവാരത്തിലും ജനങ്ങൾക്ക് സംശയമുണ്ടായി. പ്രതീക്ഷിച്ചതിന്റെ പകുതി തുക പോലും സമാഹരിക്കാൻ കഴിയാതിരുന്നത് വനിതാ ലീഗിലും വലിയ ഭിന്നതകൾക്ക് കാരണമായിട്ടുണ്ട്.
ഹരിത വിവാദവും യൂത്ത് ലീഗിന്റെ തളർച്ചയും
പി.കെ ഫിറോസിന് എം.എസ്.എഫിൽ സ്വന്തം ടീമിനെ വളർത്താനുള്ള ശ്രമങ്ങൾക്ക് കെ.എം ഷാജിയുടെ ഇടപെടലിലൂടെ തിരിച്ചടിയേറ്റു. സാദിഖലി തങ്ങളുടെ പിന്തുണയോടെ പി.കെ നവാസ് എം.എസ്.എഫ് പ്രസിഡന്റായതോടെ ഫിറോസ് പക്ഷം നിരാശയിലായി. ഫിറോസിനെ പിന്തുണച്ചിരുന്ന ഹരിത നേതാക്കളായ ഫാത്തിമ തഹ്ലിയയും നജ്മ തബ്ഷീറയും പി.കെ നവാസിനെതിരെ നിരന്തരം രംഗത്തുവന്നു. ഇതിന്റെ തുടർച്ചയായാണ് നജ്മ തബ്ഷീറ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയത്. മാധ്യമ പിന്തുണയോടെ ഫിറോസ് ഗ്രൂപ്പ് നടത്തിയ നീക്കങ്ങൾക്കിടയിലും പി.കെ നവാസ് പാർട്ടിയിൽ ശക്തനായി. ഹരിത നേതാക്കൾക്കെതിരെ നടപടിയുണ്ടായപ്പോൾ സംരക്ഷണം നൽകാൻ ഫിറോസിന് കഴിയാതെ വന്നത് ഗ്രൂപ്പിൽ അസ്വസ്ഥതകളുണ്ടാക്കി. ഈ പ്രശ്നങ്ങൾ ടി.പി അഷ്റഫലിയെയും പാണക്കാട് കുടുംബത്തിന് അനഭിമതനാക്കി. ഇതെല്ലാം യൂത്ത് ലീഗിന്റെയും പി.കെ ഫിറോസിന്റെയും പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തി. മാസങ്ങൾക്ക് മുമ്പ് പാലക്കാട് നടന്ന യൂത്ത് ലീഗ് ക്യാമ്പ് സംഘടനയുടെ ദൗർബല്യങ്ങൾ വെളിവാക്കുന്നതായിരുന്നു. വലിയ തുക ചെലവഴിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ നേതാക്കളുടെ പ്രസംഗങ്ങൾക്കപ്പുറം കാര്യമായ ചർച്ചകൾ നടന്നില്ലെന്നും, പ്രവർത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.
മുസ്ലിം ലീഗിന്റെ അവഗണന
സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് പരിഗണന വേണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം ഈ ടേമിലും മുസ്ലിം ലീഗ് നേതൃത്വം കാര്യമായി പരിഗണിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലോ രാജ്യസഭാ സീറ്റ് നിർണയത്തിലോ യൂത്ത് ലീഗിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി സംഘടനക്കുള്ളിലുണ്ട്.
അടുത്ത നേതൃത്വം ആര്?
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിറോസ് ഗ്രൂപ്പിന് നിലവിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂരിനെയാണ് പ്രധാനമായും മുന്നോട്ട് വെക്കാനുള്ളത്. നിലവിലെ സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞതിനാൽ മത്സരരംഗത്തുണ്ടാവില്ല. മറുഭാഗത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ് തുടങ്ങിയവർ യൂത്ത് ലീഗ് നേതൃത്വത്തിലേക്ക് വരാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരാണ്. മികച്ച സംഘാടകനെന്ന പേര് പി.കെ നവാസ് ഇതിനകം നേടിയെടുത്തിട്ടുണ്ട്. എം.എസ്.എഫ് ചരിത്രത്തിലെ വലിയ കാമ്പസ് തിരഞ്ഞെടുപ്പ് വിജയങ്ങൾ നവാസിന്റെ നേതൃത്വത്തിലുണ്ടായത് പാർട്ടിയിലും അംഗീകാരം നേടിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പൊന്നാനിയിലെ സംഘടനാ ചുമതല പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ നവാസിനെയും യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂരിനെയുമാണ് ഏൽപ്പിച്ചത്. പി.കെ നവാസ്, മിസ്അബ് കീഴരിയൂർ, സി.കെ നജാഫ് എന്നിവർ യൂത്ത് ലീഗിന്റെ അടുത്ത നേതൃനിരയിലേക്ക് എത്താനാണ് കൂടുതൽ സാധ്യത.
വനിതകൾക്ക് 20% സംവരണം
ഈ ടേം മുതൽ യൂത്ത് ലീഗ് നേതൃത്വത്തിൽ വനിതകൾക്ക് 20% സംവരണം നടപ്പാക്കും. ശാഖാ തലം മുതൽ ദേശീയ നേതൃത്വം വരെ ഈ പങ്കാളിത്തം ഉറപ്പാക്കും. ജില്ലാ, സംസ്ഥാന കമ്മിറ്റികളിൽ രണ്ട് വനിതകൾ വീതമുണ്ടാകും. നിലവിലെ സംസ്ഥാന ഭാരവാഹിയായ ഫാത്തിമ തഹ്ലിയ തുടർന്നേക്കും. എം.എസ്.എഫ് നേതൃത്വത്തിലുള്ള ആയിഷ ബാനു, അഡ്വ. റുമൈസ റഫീഖ്, അഡ്വ. ത്വഹാനി എന്നിവരിൽ ഒരാൾ കൂടി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിലേക്ക് വരാൻ സാധ്യതയുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്, സണ്ണി ജോസഫിനെതിരെ KPCC യില് കടുത്ത അമര്ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
