Skip to content
Kerala

മണിയുടെ കോട്ടയില്‍ വിള്ളല്‍; ഉടുമ്പഞ്ചോലയില്‍ സേനാപതി വേണുവിന് തകര്‍പ്പന്‍ വിജയം

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തില്‍ വിജയിച്ചത്. സേനാപതി വേണു 64,916 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ജയചന്ദ്രന് 44,895 വോട്ടുക

N

News Desk

Published on: 4 May 2026, 3:42 pm

മണിയുടെ കോട്ടയില്‍ വിള്ളല്‍; ഉടുമ്പഞ്ചോലയില്‍ സേനാപതി വേണുവിന് തകര്‍പ്പന്‍ വിജയം

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തില്‍ വിജയിച്ചത്. സേനാപതി വേണു 64,916 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ജയചന്ദ്രന് 44,895 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

തോട്ടം തൊഴിലാളികളും സാധാരണക്കാരും കൈവിടില്ലെന്ന ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ഉടുമ്പഞ്ചോല ഇത്തവണ യുഡിഎഫിനൊപ്പം നിന്നത്.

സംസ്ഥാനത്തെ എല്‍ഡിഎഫിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ എം.എം. മണി രംഗത്തെത്തി. സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം വോട്ടായി മാറിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും തിരിച്ചടികളില്‍ തളരാതെ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നതായും മണി കൂട്ടിചേര്‍ത്തു.

മണ്ഡല രൂപീകരണത്തിന് ശേഷം ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള ചരിത്രമുള്ള ഉടുമ്പഞ്ചോലയില്‍, സേനാപതി വേണുവിന്റെ വിജയം കേരള രാഷ്ട്രീയത്തിലെ തന്നെ വലിയ അട്ടിമറികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും സേനാപതി വേണുവിനുണ്ടായ സ്വാധീനമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില ഉയര്‍ത്തിക്കൊണ്ട് യുഡിഎഫ് ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

വിജയവാര്‍ത്ത പുറത്തുവന്നതോടെ ഉടുമ്പഞ്ചോല മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ ഇടതുപക്ഷത്തിന് വലിയ ആഘാതമാണ് ഈ തോല്‍വി സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വോട്ടുചോര്‍ച്ചയെക്കുറിച്ച് ഇടതുമുന്നണിയില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത. ഈ ചരിത്ര വിജയത്തോടെ ഉടുമ്പഞ്ചോലയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സേനാപതി വേണു പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്.

 

Related Stories