സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി; മണ്ഡലം സെക്രട്ടറി ടി.എം. സിദ്ദീഖ് രാജിവെച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊന്നാനി സിപിഎമ്മിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. സിപിഎം പൊന്നാനി മണ്ഡലം സെക്രട്ടറി ടി.എം. സിദ്ദീഖ് പദവിയിൽ നിന്നും രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി മണ്ഡലത്തിൽ പാർട്ടിക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയുണ്ടാകുന്നതിനിടെയാണ് നിർണ്ണായകമായ ഈ രാജി. നിലവിൽ ഹൃ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊന്നാനി സിപിഎമ്മിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. സിപിഎം പൊന്നാനി മണ്ഡലം സെക്രട്ടറി ടി.എം. സിദ്ദീഖ് പദവിയിൽ നിന്നും രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി മണ്ഡലത്തിൽ പാർട്ടിക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയുണ്ടാകുന്നതിനിടെയാണ് നിർണ്ണായകമായ ഈ രാജി. നിലവിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് പദവി ഒഴിയുന്നതെന്നുമാണ് സിദ്ദീഖ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.
ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരത്തോടെയാണ് രാജിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിദ്ദീഖ് പദവി ഒഴിഞ്ഞ സാഹചര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഖലീമുദ്ദീന് പകരം ചുമതല നൽകിയിട്ടുണ്ട്. ഔദ്യോഗികമായി ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും, സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തിയാണ് രാജിയുടെ യഥാർത്ഥ കാരണമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
പൊന്നാനിയിൽ ഇത്തവണ സ്ഥാനാർത്ഥിയായി മുൻ പിഎസ്‌സി ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ നിശ്ചയിച്ചതിൽ ടി.എം. സിദ്ദീഖിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം കടുത്ത അമർഷത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് സക്കീറിന് സീറ്റ് ലഭിക്കാൻ കാരണമെന്ന് സിദ്ദീഖിനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. 2021-ലെ തിരഞ്ഞെടുപ്പിലും സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് അണികൾ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അന്ന് പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ സിദ്ദീഖിനെതിരെ അച്ചടക്ക നടപടിയുണ്ടാവുകയും തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. ഒരു വർഷം മുമ്പാണ് ഇദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തത്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന പൊന്നാനിയിൽ പാർട്ടി വോട്ടുകൾക്കിടയിലുണ്ടായ ഈ ചേരിതിരിവ് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിനായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇദ്ദേഹത്തിന് പകരം കെ.എസ്. ഹംസയെ പുതിയ ചെയർമാനായി സർക്കാർ നിയമിക്കുകയും ചെയ്തു. എന്നാൽ പാർട്ടിയുടെ കരുത്തുറ്റ പ്രാദേശിക മുഖമായ ടി.എം. സിദ്ദീഖിനെ ഇത്തവണയും തഴഞ്ഞത് അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയും ടി.എം. സിദ്ദീഖിന്റെ പദവി ഒഴിയലും പൊന്നാനിയിൽ സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. 1989 മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകനായ സിദ്ദീഖിന് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടുപെട്ടിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. വരും ദിവസങ്ങളിൽ അണികളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള കടുത്ത ശ്രമങ്ങൾ പാർട്ടി ഭാഗത്തുനിന്നും ഉണ്ടായേക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
