Skip to content
Kerala

105ാം വാര്‍ഷികം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആശംസകളുമായി സിപിഎം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (CPC) 105-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ഹൃദ്യമായ ആശംസകള്‍ അറിയിച്ച സി.പി.ഐ.എം. ചൈനീസ് ജനതയെ അസാധാരണമായ പുരോഗതിയിലേക്കും നവീകരണത്തിലേക്കും നയിച്ച സി.പി.സി.യുടെ ദീര്‍ഘവീക്ഷണത്തെയും പ്രതിബദ്ധതയെയും സിപിഎം കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. ഇന്ത്യയിലെയും ചൈനയിലെയും

N

News Desk

Published on: 1 Jul 2026, 12:05 pm

105ാം വാര്‍ഷികം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആശംസകളുമായി സിപിഎം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (CPC) 105-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ഹൃദ്യമായ ആശംസകള്‍ അറിയിച്ച സി.പി.ഐ.എം. ചൈനീസ് ജനതയെ അസാധാരണമായ പുരോഗതിയിലേക്കും നവീകരണത്തിലേക്കും നയിച്ച സി.പി.സി.യുടെ ദീര്‍ഘവീക്ഷണത്തെയും പ്രതിബദ്ധതയെയും സിപിഎം കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും ആഗോള സമാധാനത്തിനായുള്ള പങ്കാളിത്തവും വരും നാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്ന് സി.പി.ഐ.എം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

1921-ല്‍ സ്ഥാപിതമായതു മുതല്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രയാണത്തിനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയതെന്ന് സി.പി.ഐ.എം ഓര്‍മ്മിപ്പിച്ചു. ദാരിദ്ര്യവും വിഭജനവും നേരിട്ടിരുന്ന ഒരു അര്‍ദ്ധ-ഫ്യൂഡല്‍, അര്‍ദ്ധ-കോളോണിയല്‍ രാജ്യമായിരുന്ന ചൈനയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് പാര്‍ട്ടിയുടെ ഇടപെടലുകളാണ്. കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയ ചൈനയുടെ നേട്ടം മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി നിലകൊള്ളുന്നുവെന്നും സിപിഎം വിലയിരുത്തുന്നു.

ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസ്റ്റ് നിര്‍മ്മാണം എന്ന സൈദ്ധാന്തിക നവീകരണം മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഓരോ രാജ്യത്തിനും തനതായ രീതിയില്‍ പുരോഗതിയിലേക്കും സാമൂഹിക നീതിയിലേക്കും കുതിക്കാന്‍ സാധിക്കുമെന്ന് ചൈന തെളിയിച്ചു. നിലവിലെ ആഗോള ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും സാമ്പത്തിക അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തില്‍ ചൈന മുന്നോട്ട് വയ്ക്കുന്ന ബഹുധ്രുവ ലോകക്രമവും യു.എന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പാര്‍ട്ടിയുടെ അടുത്ത അധ്യായത്തിലേക്ക് കടക്കുന്ന സി.പി.സിക്ക് സി.പി.ഐ.എം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വരും നൂറ്റാണ്ടില്‍ ചൈനീസ് ജനതയ്ക്കും ലോകത്തിനും കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ചരിത്രപരമായ നാഴികക്കല്ലിലൂടെ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഔദ്യോഗിക സന്ദേശം അവസാനിപ്പിച്ചത്.

 

Related Stories