ഹിജാബ് വിലക്കിയ കോടതിക്കെതിരെ ബിജെപി, ‘ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല’
സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്‍ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ മതിയെന്നും ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‍ലാം വ്യക്തമാക്കി. വിശ്വാസം വല

സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്‍ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ മതിയെന്നും ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‍ലാം വ്യക്തമാക്കി.
വിശ്വാസം വലിയൊരു കാര്യമാണെന്നും, കോടതി ഇത്തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവേ അദ്ദേഹം ആശങ്ക പങ്കുവെച്ചു.
സ്വകാര്യ സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്ത് സ്കൂൾ യൂനിഫോമിനൊപ്പം തട്ടം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി സമർപ്പിച്ച ഹരജി ആഗസ്റ്റ് 21-നാണ് അലഹബാദ് ഹൈകോടതി തള്ളിയത്. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‍ലാമിക വിശ്വാസത്തിൽ അത്യന്താപേക്ഷിതമായ ഘടകമല്ലെന്നും അത് ധരിച്ചില്ലെങ്കിൽ വിശ്വാസത്തിന് കോട്ടം തട്ടില്ലെന്നുമായിരുന്നു ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കൂടാതെ, വിദ്യാർഥിനിയല്ലാതെ അതേ മതസമൂഹത്തിൽപ്പെട്ട മറ്റാരും സ്കൂളിൽ ഹിജാബ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിദ്യാഭ്യാസ സ്ഥാപനം നിഷ്കർഷിക്കുന്ന വസ്ത്രധാരണ രീതി വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാൻ അവകാശമില്ലെന്നും ഉത്തരവിട്ടു.
ഈ വിധിക്കെതിരെ പ്രതികരിച്ച ബിജെപി വക്താവ്, രാജ്യത്തെ ഭരണഘടന എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ അവകാശം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഓരോ പൗരനും അവർക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും സ്വകാര്യ ജീവിതം എങ്ങനെ വേണമെന്ന് കോടതി തീരുമാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്കൂളുകളിൽ യൂനിഫോം ഉള്ളതിനാൽ വസ്ത്രധാരണം സംബന്ധിച്ച തീരുമാനം കോടതികളല്ല, മറിച്ച് സ്കൂൾ അധികൃതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തിയിട്ടുണ്ട്. വിധി ഭരണഘടനയുടെ 19, 25 ആർട്ടിക്കിളുകൾക്ക് എതിരാണെന്നും ഇസ്‍ലാമിന് നേരെ നടക്കുന്ന ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ച് രംഗത്തെത്തി. മതത്തിൽ ഏതാണ് അത്യന്താപേക്ഷിതമായത് എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ല, മറിച്ച് വിശ്വാസികളാണെന്ന് ഉവൈസി തുറന്നടിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
