Skip to content
Kerala

യുകെജി കുട്ടികളുടെ ആക്ഷൻ സോങ്ങിൽ വിദ്വേഷ പ്രചാരണം, പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരിസ് സ്കൂള്‍ വിവാദത്തില്‍, അന്വേഷണം ആരംഭിച്ചെന്ന് സ്കൂൾ അധികൃതർ

പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരിസ് സ്കൂളിലെ യുകെജി വിദ്യാർത്ഥികളാണ് "കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ" എന്ന വരികളോടെയുള്ള വിവാദ ഗാനവും അതിനൊപ്പമുളള ചുവടുകളും അവതരിപ്പിച്ചത്

W

web desk

Published on: 10 Nov 2026, 11:15 am

യുകെജി കുട്ടികളുടെ ആക്ഷൻ സോങ്ങിൽ വിദ്വേഷ പ്രചാരണം, പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരിസ് സ്കൂള്‍ വിവാദത്തില്‍, അന്വേഷണം ആരംഭിച്ചെന്ന് സ്കൂൾ അധികൃതർ

സി.ബി.എസ്.ഇ സ്കൂളുകളുടെ ആക്ഷൻ സോങ് മത്സരത്തിൽ വിദ്വേഷ പരാമർശങ്ങളുള്ള വരികൾ ഉൾപ്പെടുത്തിയത് വിവാദത്തില്‍. ആലുവ മഹിളാലയം ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സ്കൂളുകളുടെ ആക്ഷൻ സോങ് മത്സരത്തിലാണ് വിദ്വേഷ പരാമർശങ്ങളുള്ള നൃത്തം കളിച്ചത്.

പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരിസ് സ്കൂളിലെ യുകെജി വിദ്യാർത്ഥികളാണ് "കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ" എന്ന വരികളോടെയുള്ള വിവാദ ഗാനവും അതിനൊപ്പമുളള ചുവടുകളും അവതരിപ്പിച്ചത്. അറബി വേഷം ധരിച്ചെത്തിയ ഭീകരർ റെയിൽവേ പാളത്തിൽ ബോംബ് വെച്ചുവെന്ന തരത്തിലുള്ള വരികളാണ് കുട്ടികളെക്കൊണ്ട് കളിപ്പിച്ചത്.

മത്സരം നടക്കവെ തന്നെ കാണികളിൽ നിന്നും ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ വർഷവും ഇതേ ഗാനം അവതരിപ്പിച്ച് ഈ സ്കൂൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഗാനത്തിലെ ഇസ്ലാമോഫോബിക് ആയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ട മറ്റ് സ്കൂളുകൾ ഇതിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവരികയായിരുന്നു.

വിവാദത്തെ തുടർന്ന് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തിവരികയാണെന്ന് അല്ലപ്ര സെന്റ് മേരിസ് സ്കൂൾ മാനേജർ ടി.ജെ. എൽദോസ് പ്രതികരിച്ചു. വർഷങ്ങളായി വിവിധ സ്കൂളുകൾ മത്സരവേദികളിൽ ഉപയോഗിച്ചുവരുന്ന പാട്ടാണിതെന്നും, യാതൊരുവിധ ദുസ്സൂചനകളും മനസ്സിൽ വെച്ചുകൊണ്ടല്ല ഇത് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഇത്തരം വരികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായി മാനേജർ അറിയിച്ചു.

കുരുന്നു മനസ്സുകളിൽ കുട്ടിക്കാലത്ത് തന്നെ ഇത്തരം വിദ്വേഷ ചിന്തകളും മുൻവിധികളും കുത്തിവെയ്ക്കുന്ന പ്രവണതയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് സാമൂഹിക സാംസ്കാരിക രംഗത്തുനിന്ന് ഉയരുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ വിശദമായ അന്വേഷണങ്ങൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Related Stories