Skip to content
Kerala

തുഷാർ വെള്ളാപ്പള്ളി സന്ദർശനം: ചെന്നിത്തലക്കെതിരെ വിമർശനവുമായി കോൺഗ്രസ് വക്താവ് അനൂപ് വി.ആർ.

ബി.ഡി.ജെ.എസ്. അധ്യക്ഷനും എൻ.ഡി.എ. സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചതിനെതിരെ കോൺഗ്രസ് വക്താവ് അനൂപ് വി.ആർ. രംഗത്ത്. കാർത്തികപ്പള്ളിയിലെ സൗഹൃദ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തുഷാർ വെള്ളാപ്പള്ളി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് കട

N

News Desk

Published on: 2 Jun 2026, 9:40 am

തുഷാർ വെള്ളാപ്പള്ളി സന്ദർശനം: ചെന്നിത്തലക്കെതിരെ വിമർശനവുമായി കോൺഗ്രസ് വക്താവ് അനൂപ് വി.ആർ.

ബി.ഡി.ജെ.എസ്. അധ്യക്ഷനും എൻ.ഡി.എ. സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചതിനെതിരെ കോൺഗ്രസ് വക്താവ് അനൂപ് വി.ആർ. രംഗത്ത്. കാർത്തികപ്പള്ളിയിലെ സൗഹൃദ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തുഷാർ വെള്ളാപ്പള്ളി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് കടുത്ത വിയോജിപ്പും വിമർശനവുമായി അനൂപ് വി.ആർ. ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. ചിലരെ രക്ഷിക്കാൻ വേണ്ടി മറ്റു ചിലരെ മാത്രം കല്ലെറിയുന്ന ഇരട്ടത്താപ്പ് പരിപാടിക്ക് താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളിയെ കേവലം ഒരു സമുദായ നേതാവായി കാണാൻ കഴിയില്ലെന്നും അദ്ദേഹം എൻ.ഡി.എ.യിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷി നേതാവാണെന്നും അനൂപ് ഓർമ്മിപ്പിച്ചു. തുഷാർ ഒരു സാമ്പത്തിക കുറ്റവാളി കൂടിയാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, മുൻപ് ഗൾഫിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താല്പര്യമെടുത്ത് കത്തെഴുതിയാണ് തുഷാറിനെ മോചിപ്പിച്ചതെന്നും വ്യക്തമാക്കി. അന്ന് ഈ നടപടിയെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ ശക്തമായി എതിർത്തതാണെന്നും, അധികാരം കിട്ടിയെന്ന് കരുതി അതൊക്കെ അങ്ങനെ എളുപ്പം മറക്കാൻ കഴിയില്ലെന്നും അനൂപ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശനെ ആലുവയിലെ വസതിയിലെത്തി കണ്ട കാര്യവും രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന തുഷാറിന്റെ പ്രസ്താവനയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പലവട്ടം ക്ഷണിച്ചിട്ടും വരാൻ കഴിയാത്തതിനാലാണ് ആതിഥ്യം സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ആലുവയിലെ വസതിയിൽ തുഷാർ എത്തിയതെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് സമ്മതിച്ചതാണ്. ഒരു സാധാരണ പൗരൻ മുഖ്യമന്ത്രിയെ കാണാൻ പോകുന്നതുപോലെയല്ല ഇതെന്നും, ആഭ്യന്തര മന്ത്രി ജൂനിയർ വെള്ളാപ്പള്ളിയെ കാണാൻ പോയതിലും തനിക്ക് ഇതേ നിലപാട് തന്നെയാണെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി.

വെള്ളാപ്പള്ളി സീനിയർ ആയാലും ജൂനിയർ ആയാലും, അവരെ അങ്ങോട്ട് ക്ഷണിച്ച കാര്യത്തിലായാലും ക്ഷണിക്കാതെ വീട്ടിൽ പോയ കാര്യത്തിലായാലും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ നിലപാട് തന്നെ സ്വീകരിക്കണമെന്നാണ് തന്റെ പക്ഷമെന്ന് അനൂപ് പറഞ്ഞു. കേരളത്തിലെ നേതാക്കൾ മാത്രമല്ല, നാളെ ഈ മൃദുസമീപനം സ്വീകരിക്കുന്നത് സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലോ സാക്ഷാൽ രാഹുൽ ഗാന്ധിയോ ആയാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അനൂപ് വി.ആർ. ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Related Stories