Skip to content
Kerala

റിയാലിറ്റി ഷോ താരങ്ങൾക്കും ‘ചാരിറ്റി സിംഹങ്ങൾക്കും’ സീറ്റ് നൽകരുത്; തൊഴിലാളികൾക്ക് 10% സംവരണം വേണം: ഐ.എൻ.ടി.യു.സി

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് താരങ്ങളെയും ചാരിറ്റി പ്രവർത്തകരെയും സ്ഥാനാർത്ഥികളാക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം (യംഗ് വർക്കേഴ്‌സ് കൗൺസിൽ). കോൺഗ്രസ് സീറ്റുകൾ ഇത്തരം സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾക്ക് സംവരണം ചെയ്യാനുള്ളതല്ലെന്നും പാർട്ടിക്കായി അടിത

N

News Desk

Published on: 15 Jan 2026, 10:54 am

റിയാലിറ്റി ഷോ താരങ്ങൾക്കും ‘ചാരിറ്റി സിംഹങ്ങൾക്കും’ സീറ്റ് നൽകരുത്; തൊഴിലാളികൾക്ക് 10% സംവരണം വേണം: ഐ.എൻ.ടി.യു.സി

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് താരങ്ങളെയും ചാരിറ്റി പ്രവർത്തകരെയും സ്ഥാനാർത്ഥികളാക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം (യംഗ് വർക്കേഴ്‌സ് കൗൺസിൽ). കോൺഗ്രസ് സീറ്റുകൾ ഇത്തരം സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾക്ക് സംവരണം ചെയ്യാനുള്ളതല്ലെന്നും പാർട്ടിക്കായി അടിത്തട്ടിൽ പണിയെടുത്ത തൊഴിലാളികൾക്ക് അർഹമായ പരിഗണന നൽകണമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കേരളത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്ന് യോഗം വിലയിരുത്തി. പി.ആർ ഏജൻസികൾ സൃഷ്ടിച്ച പുകമറയ്ക്കപ്പുറം സകല മേഖലകളും തകർത്തെറിഞ്ഞ പിണറായി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ വിധിയെഴുതാൻ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ, പാർട്ടിക്ക് വേണ്ടി വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്ത യഥാർത്ഥ പ്രവർത്തകരെ മാറ്റിനിർത്തുന്നത് ആത്മഹത്യാപരമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

യുവ തൊഴിലാളി വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങൾ:

  • 10% സീറ്റ് സംവരണം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൊഴിലാളി വിഭാഗത്തിൽ നിന്നുള്ളവർക്ക് കുറഞ്ഞത് 10 ശതമാനം സീറ്റുകളെങ്കിലും നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.

  • യുവത്വത്തിന് പ്രാധാന്യം: പരിചയസമ്പന്നർക്കൊപ്പം യുവാക്കളെയും ഒരുപോലെ പരിഗണിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു കോട്ടകളിൽ പോലും യുവ സ്ഥാനാർത്ഥികൾ വിജയിച്ചത് പാർട്ടിക്ക് പാഠമാകണം.

  • തൊഴിലാളി പ്രതിനിധ്യം: കേന്ദ്രത്തിലെ മോദി സർക്കാരും സംസ്ഥാന സർക്കാരും ഒരുപോലെ തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുമ്പോൾ, നിയമസഭയിൽ തൊഴിലാളി നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്.

പാർട്ടിയുടെ കൊടി കെട്ടാനും പോസ്റ്റർ ഒട്ടിക്കാനും ആളെ കൂട്ടാനും മാത്രം തൊഴിലാളികളെ ഉപയോഗിച്ചാൽ പോരെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ഐ.എൻ.ടി.യു.സി പ്രവർത്തകർ യോഗ്യരാണെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഇനിയും സംശയമുണ്ടോ എന്നും യുവ തൊഴിലാളി വിഭാഗം ചോദിച്ചു.

ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്‌സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ പ്രസ്താവന പുറത്തിറക്കിയത്.

Related Stories