Skip to content
Kerala

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ സംഘര്‍ഷം: അസോസിയേറ്റ് എഡിറ്ററുടെ പല്ല് അടിച്ചുതെറിപ്പിച്ചു; തൊഴില്‍ ചൂഷണമാണ് കാരണമെന്ന് ആരോപണം

കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ നാടകീയ സംഭവങ്ങള്‍. സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പി. ഷാജഹാനെ സഹപ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ഷാജഹാന്റെ പല്ല് നഷ്ടപ്പെടുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഓഫീസ് ഡ്രൈവറായ സുരേഷ് എം.ബിക്

N

News Desk

Published on: 12 Aug 2025, 9:33 am

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ സംഘര്‍ഷം: അസോസിയേറ്റ് എഡിറ്ററുടെ പല്ല് അടിച്ചുതെറിപ്പിച്ചു; തൊഴില്‍ ചൂഷണമാണ് കാരണമെന്ന് ആരോപണം

കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ നാടകീയ സംഭവങ്ങള്‍. സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പി. ഷാജഹാനെ സഹപ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ഷാജഹാന്റെ പല്ല് നഷ്ടപ്പെടുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഓഫീസ് ഡ്രൈവറായ സുരേഷ് എം.ബിക്കെതിരെ നടക്കാവ് പോലീസ് കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

സംഭവത്തെ കുറിച്ച് ഉയരുന്നത് രണ്ട് വാദങ്ങള്‍

ജോലി കൃത്യമായി ചെയ്യാത്തത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമാണ് സുരേഷ് ആക്രമിച്ചതെന്നാണ് പി. ഷാജഹാന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. താക്കോല്‍ ഉപയോഗിച്ചും കൈകൊണ്ടും മുഖത്തും പല്ലിലും ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ഈ സംഭവത്തിന് പിന്നില്‍ കടുത്ത തൊഴില്‍ ചൂഷണമാണെന്ന ഗുരുതരമായ ആരോപണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമപ്രവര്‍ത്തകരിലൂടെയും പുറത്തുവരുന്നത്. ചാനലിലെ ചെലവുചുരുക്കല്‍ നടപടികളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രഘു മട്ടുമ്മല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് പ്രകാരം, കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് ഭാരമേറിയ ക്യാമറ യൂണിറ്റ് കൊണ്ടുപോകാന്‍ കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവറായ സുരേഷ് ട്രെയിനില്‍ പോകാന്‍ നിര്‍ബന്ധിതനായി. സുരക്ഷ കണക്കിലെടുത്ത് സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് റിസര്‍വ് ചെയ്ത ടിക്കറ്റിന്റെ തുക ആവശ്യപ്പെട്ടപ്പോള്‍ ഷാജഹാന്‍ നല്‍കാന്‍ വിസമ്മതിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതില്‍ സഹികെട്ടാണ് സുരേഷ് പ്രതികരിച്ചതെന്നാണ് ആരോപണം.

പിന്തുണയുമായി മുന്‍ ജീവനക്കാരന്‍

വിരമിക്കാന്‍ ആറ് മാസം മാത്രം ബാക്കിനില്‍ക്കെയാണ് സുരേഷിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഇതേ സ്ഥാപനത്തില്‍ നിന്ന് മാനേജ്‌മെന്റിന്റെ പീഡനം മൂലം വിരമിച്ച മുതിര്‍ന്ന ക്യാമറാമാന്‍ കെ.പി. രമേഷ്, വിവരമറിഞ്ഞ് സുരേഷിന് പിന്തുണയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ഓഫീസ് തര്‍ക്കം എന്നതിലുപരി, മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന കടുത്ത തൊഴില്‍ ചൂഷണത്തിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കുമാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

Related Stories