Skip to content
Kerala

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; ചേർത്തലയിൽ റസ്റ്ററന്റ് ഉടമ അറസ്റ്റിൽ

വിഷു ആശംസകളുടെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ ചേർത്തലയിലെ ഹോട്ടൽ ഉടമ അറസ്റ്റിലായി. കുഴിമന്തി നോക്കി കൊതിയോടെ നിൽക്കുന്ന രീതിയിൽ ശ്രീകൃഷ്ണനെ ചിത്രീകരിച്ച പോസ്റ്ററാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിൽ ഹോട്ടൽ ഉടമകളിലൊരാളായ ഷംനാസിനെ ചേർത്തല പോലീസ്

N

News Desk

Published on: 17 Apr 2026, 5:17 pm

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; ചേർത്തലയിൽ റസ്റ്ററന്റ് ഉടമ അറസ്റ്റിൽ

വിഷു ആശംസകളുടെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ ചേർത്തലയിലെ ഹോട്ടൽ ഉടമ അറസ്റ്റിലായി. കുഴിമന്തി നോക്കി കൊതിയോടെ നിൽക്കുന്ന രീതിയിൽ ശ്രീകൃഷ്ണനെ ചിത്രീകരിച്ച പോസ്റ്ററാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിൽ ഹോട്ടൽ ഉടമകളിലൊരാളായ ഷംനാസിനെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഒൻപത് പേർ ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്.

ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും അധിക്ഷേപിക്കുന്നതാണ് ഹോട്ടലിന്റെ നടപടിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. പോസ്റ്റർ വിവാദമായതോടെ നിരവധി പേർ ഹോട്ടലിനെതിരെ രംഗത്തെത്തി. ഭഗവാനെ ഇത്തരം ഭക്ഷണ പദാർത്ഥങ്ങളുമായി ബന്ധിപ്പിച്ച് ചിത്രീകരിച്ചത് മനഃപൂർവം മതവികാരം വ്രണപ്പെടുത്താനാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

അതിനിടെ, സംഭവത്തിൽ ക്ഷമാപണവുമായി ഹോട്ടൽ ഉടമ രംഗത്തെത്തി. പോസ്റ്റർ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ച വ്യക്തിയുടെ അറിവില്ലായ്മ കൊണ്ടാണ് ഇത്തരമൊരു ചിത്രം ഉൾപ്പെട്ടതെന്നാണ് ഉടമയുടെ വിശദീകരണം. ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഉണ്ടായ വീഴ്ചയിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ വിശദീകരണം തള്ളിക്കൊണ്ട് പ്രതിഷേധം ശക്തമാക്കുകയാണ് ഹൈന്ദവ സംഘടനകൾ.

 

View this post on Instagram

 

A post shared by Mehr Mandi & Grills (@mehrmandi_)

വിഷയത്തിൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണിക്ക് ഹോട്ടലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചു. മതവിശ്വാസങ്ങളെ പരിഹസിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

വിവാദ പോസ്റ്റർ പിൻവലിക്കണമെന്നും ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടണമെന്നും ഹിന്ദു സംഘടനകൾ അധികൃതരോട് ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ഹോട്ടൽ പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ചേർത്തല പോലീസ് അറിയിച്ചു.

Related Stories