Skip to content
Kerala

മുനമ്പത്തുകാരെ ചതിച്ച് കേന്ദ്രം

വഖഫ് നിയമത്തിലൂടെ മാത്രം നീതി ലഭിക്കില്ലെന്ന് കിരണ്‍ റിജിജു വഖഫ് ഭേദഗതി നിയമം കൊണ്ടു മാത്രം മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ നീതി ലഭിക്കില്ലെന്നും, ഇതിനായി നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി’ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെ

N

News Desk

Published on: 15 Apr 2025, 2:46 pm

മുനമ്പത്തുകാരെ ചതിച്ച് കേന്ദ്രം

വഖഫ് നിയമത്തിലൂടെ മാത്രം നീതി ലഭിക്കില്ലെന്ന് കിരണ്‍ റിജിജു

വഖഫ് ഭേദഗതി നിയമം കൊണ്ടു മാത്രം മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ  നീതി ലഭിക്കില്ലെന്നും, ഇതിനായി നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി’ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നിയമവഴിയിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും, പ്രശ്നം പരിഹരിക്കുന്നത് വരെ കേന്ദ്ര സർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

“നിയമഭേദഗതിയിലൂടെ വഖഫ് ബോർഡിന്‍റെ അധികാരത്തിലും ഘടനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ, വഖഫ് ട്രൈബ്യൂണൽ വിധി എതിരായാലും ജനങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്,” റിജിജു പറഞ്ഞു. വഖഫ് നിയമം മുസ്ലീങ്ങൾക്കെതിരല്ലെന്നും, കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും വോട്ട് ബാങ്കായി മുസ്ലീങ്ങൾ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിഭാഗത്തെയും ലക്ഷ്യം വെച്ചുള്ളതല്ല ഈ നിയമം.

ബിജെപിയുടെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും, കേരളത്തിലെ ജനങ്ങളെ എത്രകാലം തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ഭേദഗതി മുസ്ലീങ്ങൾക്കെതിരായ നീക്കമാണെന്ന പ്രചാരണം തെറ്റാണ്. നിഷ്പക്ഷതയും നീതിയും ഉറപ്പാക്കാനാണ് കളക്ടർക്ക് മേൽനോട്ട അധികാരം നൽകിയത്. വിവിധ സമുദായക്കാർക്ക് വഖഫ് ഭൂമിയിൽ തർക്കങ്ങളുണ്ടാകാം എന്നതിനാലാണ് അമുസ്‌ലിംകളെയും ബോർഡിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി വിശദീകരിച്ചു. വർഷങ്ങളായുള്ള തെറ്റാണ് കേന്ദ്ര സർക്കാർ തിരുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരങ്ങൾക്ക് നീതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

“നിയമ ഭേദഗതി ഇല്ലായിരുന്നെങ്കിൽ ഏത് ഭൂമിയും വഖഫ് ഭൂമിയാകുമായിരുന്നു. മുനമ്പത്തെ സംഭവം ഇനി രാജ്യത്ത് ആവർത്തിക്കില്ല. അവിടുത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടത് വഖഫിന് എതിരാണ്. ഹൈക്കോടതി വിധിക്കെതിരെ മുനമ്പത്തുകാർക്ക് സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ ജില്ലാ കളക്ടറോട് രേഖകൾ പുനഃപരിശോധിക്കാൻ നിർദ്ദേശിക്കണം,” റിജിജു ആവശ്യപ്പെട്ടു.

മുനമ്പം വിഷയം തന്നെ വ്യക്തിപരമായി അസ്വസ്ഥനാക്കിയെന്നും, ഉത്തരവാദിത്തപ്പെട്ട സർക്കാർ എന്ന നിലയിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചർച്ച് ആക്ട് നിലവിൽ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, 404 ഏക്കറിൽ താമസിക്കുന്ന ഇരുന്നൂറോളം പേർക്ക് റവന്യൂ അധികാരങ്ങളോടെ ഭൂമി തിരികെ ലഭിക്കാൻ ഭേദഗതി നിയമത്തിൽ ഏത് വകുപ്പാണ് സഹായിക്കുക എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

Related Stories