റിപ്പോര്‍ട്ടര്‍ ചാനലിലെ പീഡനം, പ്രതിഷേധം കനത്തപ്പോള്‍ നിലപാട് മാറ്റി; മുഖം രക്ഷിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവി; ക്രിസ്റ്റിന് തോമസിനെ സസ്പെന്‍ഡ് ചെയ്തു
മാധ്യമ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ നടപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി. മുന്‍ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ വന്ന് മണിക്കൂറുകള്‍ക്കകം, ആരോപണവിധേയനായ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റിന് തോമസിനെ സസ്പെന്‍ഡ് ചെയ്തതായും ആഭ്യന്തര അന്വേ

മാധ്യമ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ നടപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി. മുന്‍ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ വന്ന് മണിക്കൂറുകള്‍ക്കകം, ആരോപണവിധേയനായ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റിന് തോമസിനെ സസ്പെന്‍ഡ് ചെയ്തതായും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായും ചാനല്‍ മാനേജ്മെന്റ് അറിയിച്ചു. വിഷയം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടര്‍ മുതലാളിമാരില്‍ ഒരാളായ ആന്റോ അഗസ്റ്റിന് പ്രസ്താവനകളില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ വീഡിയോ വൈറലാവുകയും ചാനലിന്റെ ആദ്യനിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് മാനേജ്മെന്റിന്റെ അടിയന്തര ഇടപെടല്‍. റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രതികരണം അറിയിച്ചത്. യുവതിയുടെ വീഡിയോയിലെ ആരോപണം പരാതിയായി കണക്കാക്കുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്റ്റിന് തോമസിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തുമെന്നും ആഭ്യന്തര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊട്ടുപിന്നാലെ, മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാര്‍ കൂടുതല്‍ വിശദാംശങ്ങളുമായി രംഗത്തെത്തി. രാവിലെയാണ് പേര് വെളിപ്പെടുത്തിയ വീഡിയോ കണ്ടതെന്നും മൂന്ന് മണിക്കൂറിനുള്ളില്‍ തീരുമാനമെടുത്തെന്നും അദ്ദേഹം കുറിച്ചു. അതിജീവിതയായ സഹപ്രവര്‍ത്തകയെ പൂര്‍ണമായി വിശ്വസിച്ചുകൊണ്ട് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ‘ന്യായീകരിക്കില്ല, സഹപ്രവര്‍ത്തകയെ കുറ്റപ്പെടുത്തില്ല, കേസ് ഒതുക്കില്ല,’ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കിയ അരുണ്‍ കുമാര്‍, നിരപരാധിയെന്ന് തെളിയിക്കാതെ ക്രിസ്റ്റിന് റിപ്പോര്‍ട്ടറില്‍ തുടരാനാകില്ലെന്നും ശക്തമായ നിലപാടെടുത്തു.
വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നിലപാട് മാറ്റി
അതിജീവിതയെ പിന്തുണച്ചുകൊണ്ടുള്ള ചാനല്‍ അധികൃതരുടെ ഇപ്പോഴത്തെ പ്രസ്താവനകള്‍, യുവതിയുടെ വീഡിയോയിലെ ആരോപണങ്ങള്‍ക്ക് വിരുദ്ധമാണെന്നത് ശ്രദ്ധേയമാണ്. താന്‍ നേരത്തെ വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തന്നെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്നും, ഇതേത്തുടര്‍ന്നാണ് സ്ഥാപനത്തില്‍ നിന്ന് രാജി വെച്ചതെന്നും അതിജീവിത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. സ്ഥാപനത്തിനകത്ത് പരാതി ഉയര്‍ന്നപ്പോള്‍ സംരക്ഷിക്കാതെ, വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ മാത്രം നടപടിയെടുക്കുന്നത് കേവലം മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്.
അതിജീവിതയുടെ വെളിപ്പെടുത്തല്‍
കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ സഹപ്രവര്‍ത്തക, ക്രിസ്റ്റിന് തോമസില്‍ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. സഹോദരനെപ്പോലെ കണ്ടിരുന്ന ആളില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും, സംഭവം മാനസികമായി തളര്‍ത്തിയെന്നും അവര്‍ പറഞ്ഞിരുന്നു. സ്ഥാപനത്തില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ രാജി വെച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് ക്രിസ്റ്റിന് തോമസിനെതിരെ നടപടിയെടുക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
