Skip to content
Kerala

ബിജെപി പിടിച്ചെടുത്തത് മൂന്നും സിപിഎം സീറ്റുകള്‍, ചാത്തന്നൂര്‍ ജയം സംശയമുനയില്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളത്തെ സർപ്രെെസായി ബിജെപിയുടെ മുന്നേറ്റം. പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമ്പോഴും, ഇടതുപക്ഷത്തിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി കരുത്തറിയിച്ചു. ഇതില്‍ ചാത്തന്നൂര്‍ മണ്

N

News Desk

Published on: 4 May 2026, 5:58 pm

ബിജെപി പിടിച്ചെടുത്തത് മൂന്നും സിപിഎം സീറ്റുകള്‍, ചാത്തന്നൂര്‍ ജയം സംശയമുനയില്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളത്തെ സർപ്രെെസായി ബിജെപിയുടെ മുന്നേറ്റം. പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമ്പോഴും, ഇടതുപക്ഷത്തിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി കരുത്തറിയിച്ചു. ഇതില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ വിജയമാണ് ഇപ്പോള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ‘ഡീല്‍’ ആരോപണങ്ങള്‍ക്കും വഴിതുറന്നിരിക്കുന്നത്.

നേമത്തിനും കഴക്കൂട്ടത്തിനുമൊപ്പം ബിജെപി പിടിച്ചെടുത്ത മൂന്നാമത്തെ സീറ്റാണ് ചാത്തന്നൂര്‍. സി.പി.ഐയുടെ കുത്തക മണ്ഡലമായിരുന്ന ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ 4,002 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. രാജേന്ദ്രനെയും യുഡിഎഫിന്റെ സൂരജ് രവിയെയും പിന്നിലാക്കിയാണ് ഗോപകുമാര്‍ ചരിത്ര വിജയം നേടിയത്. കഴിഞ്ഞ രണ്ട് തവണയും ഇവിടെ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി, ഇത്തവണ എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് എത്തിച്ചത്.

എന്നാല്‍, ചാത്തന്നൂരിലെ ഇടതുപക്ഷത്തിന്റെ തോല്‍വി വലിയ സംശയങ്ങള്‍ക്കാണ് ഇടനല്‍കുന്നത്. തുടക്കം മുതല്‍ തന്നെ മണ്ഡലത്തില്‍ എല്‍ഡിഎഫ്-ബിജെപി അന്തര്‍ധാര സജീവമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സി.പി.ഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും പ്രചാരണരംഗത്തെ അപ്രതീക്ഷിത മാന്ദ്യവും ഈ സംശയത്തെ ബലപ്പെടുത്തുന്നു. മറ്റേതെങ്കിലും മണ്ഡലത്തിലെ വിജയത്തിനായി ചാത്തന്നൂര്‍ ബിജെപിക്ക് വിട്ടുകൊടുത്തതാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണവിരുദ്ധ വികാരം പ്രകടമായ പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് നേരിട്ട പതനം ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.

ചാത്തന്നൂരിന് പുറമെ തിരുവനന്തപുരത്തെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും ബിജെപി മിന്നും ജയം കാഴ്ചവെച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചതോടെ നിയമസഭയില്‍ ബിജെപിക്ക് ഇത്തവണ ശക്തമായ സാന്നിധ്യമുണ്ടാകും. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായിരുന്ന ഈ മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുത്തത് എല്‍ഡിഎഫിന് ഇരട്ടി പ്രഹരമായിരിക്കുകയാണ്. ചാത്തന്നൂരിലെ ബിജെപിയുടെ അട്ടിമറി വിജയം വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Related Stories