Skip to content
Kerala

തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിലെ ബിജെപി സീൽ: വിവരം പങ്കുവെച്ച യുപി മാധ്യമപ്രവർത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്. ഉത്തർപ്രദേശിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ പീയുഷ് റായിക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. പീയുഷ് റായി പങ്കുവ

N

News Desk

Published on: 24 Mar 2026, 10:48 am

തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിലെ ബിജെപി സീൽ: വിവരം പങ്കുവെച്ച യുപി മാധ്യമപ്രവർത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

 തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്. ഉത്തർപ്രദേശിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ പീയുഷ് റായിക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. പീയുഷ് റായി പങ്കുവെച്ച ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിനൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിൻ്റെ സീൽ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്ന 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം കമ്മീഷനെ സമീപിച്ചിരുന്നു. ഈ അപേക്ഷയ്ക്കൊപ്പം അവർ സമർപ്പിച്ച കത്തിന്റെ പകർപ്പാണ് അശ്രദ്ധമൂലം കമ്മീഷൻ മറ്റ് പാർട്ടികൾക്കും അയച്ചുകൊടുത്തത്. സംഭവം വിവാദമായതോടെ ഇത് വെറുമൊരു ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ വ്യക്തമാക്കിയിരുന്നു.

ഗുരുതരമായ ഈ വീഴ്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. കമ്മീഷൻ ഓഫീസിലെ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. മാർച്ച് 21-ന് തന്നെ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ വിവാദ നിർദ്ദേശം പിൻവലിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും കൃത്യമായ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

ബിജെപിയുടെ കത്ത് ഔദ്യോഗിക രേഖയായി മാറിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഒരു സാങ്കേതിക പിശകിനെ കമ്മീഷനെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുന്നു എന്ന വിലയിരുത്തലിലാണ് കേരള പൊലീസ് മാധ്യമപ്രവർത്തകനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് സൂചന.

Related Stories