Skip to content
Kerala

സീറ്റ് വാഗ്ദാനവുമായി അമിത് ഷായുടെ ദൂതനെത്തി, സുരേഷ് ഗോപിയും വിളിച്ചു; മത്സരിക്കാനില്ലെന്ന് ഐ.എം വിജയൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫുട്‌ബോൾ ഇതിഹാസ താരം ഐ.എം വിജയൻ. ബിജെപിയിൽ ചേർന്ന് തൃശ്ശൂരിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദൂതനും സുരേഷ് ഗോപിയും തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവിയോടായിരുന്നു അ

N

News Desk

Published on: 14 Mar 2026, 11:41 am

സീറ്റ് വാഗ്ദാനവുമായി അമിത് ഷായുടെ ദൂതനെത്തി, സുരേഷ് ഗോപിയും വിളിച്ചു; മത്സരിക്കാനില്ലെന്ന് ഐ.എം വിജയൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫുട്‌ബോൾ ഇതിഹാസ താരം ഐ.എം വിജയൻ. ബിജെപിയിൽ ചേർന്ന് തൃശ്ശൂരിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദൂതനും സുരേഷ് ഗോപിയും തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സീറ്റ് വാഗ്ദാനവുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന് വിജയൻ പറഞ്ഞു. എന്നാൽ ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ല. മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളുമായും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും, ഒരു പ്രത്യേക പാർട്ടിയിൽ ചേരുന്നത് ആ ബന്ധങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“അമിത് ഷാ പറഞ്ഞയച്ച ഒരാൾ എന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. ബിജെപിയിൽ ചേരണമെന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്നുമായിരുന്നു ആവശ്യം. തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകാമെന്ന് പറഞ്ഞ് സുരേഷ് ഗോപിയും വിളിച്ചിരുന്നു. എന്നാൽ എല്ലാ പാർട്ടിയുമായും നല്ല ബന്ധമുണ്ടെങ്കിലും ഒന്നിനോടും പ്രത്യേക അനുഭാവമില്ലെന്ന് ഞാൻ അവരെ അറിയിച്ചു,” ഐ.എം വിജയൻ പറഞ്ഞു.

അതേസമയം, രാജ്യസഭാംഗത്വം (എം.പി സ്ഥാനം) നൽകിയാൽ അത് സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക മേഖലയ്ക്കായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് വലിയ കാര്യമാണെന്നും ഇതിനെക്കുറിച്ച് നേരത്തെ സുരേഷ് ഗോപിയോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതം മാറ്റിമറിച്ചത് കെ. കരുണാകരനാണെന്നും ഇന്ന് കാണുന്ന നിലയിലേക്ക് തന്നെ വളർത്തിയത് അദ്ദേഹമാണെന്നും വിജയൻ ഓർമ്മിപ്പിച്ചു. ഫുട്ബോൾ കളിച്ച് നേടിയ സൗഹൃദങ്ങളും ബന്ധങ്ങളും കളയാൻ ആഗ്രഹമില്ലാത്തതിനാലാണ് സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതെന്നും താരം വ്യക്തമാക്കി.

Related Stories