ഭരണപാളിച്ചയ്ക്ക് അവതാരങ്ങളും കാരണമായി, എൽഡിഎഫ് സർക്കാരിന്റെ പരാജയ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ബിനോയ് വിശ്വം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) നേരിട്ടത് കനത്ത പരാജയമാണെന്ന് തുറന്നുസമ്മതിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തിന്റെ യാഥാർഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവങ്ങളുടെ മുന്നണിയായ എൽ.ഡി.എഫിന് സാധ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) നേരിട്ടത് കനത്ത പരാജയമാണെന്ന് തുറന്നുസമ്മതിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തിന്റെ യാഥാർഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാവങ്ങളുടെ മുന്നണിയായ എൽ.ഡി.എഫിന് സാധാരണക്കാരായ കയർ, കശുവണ്ടി, ചെത്ത് തൊഴിലാളികൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് വലിയ തിരിച്ചടിയായതെന്നും അവരുടെ അസംതൃപ്തി കാണാൻ മുന്നണിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം സ്വയംവിമർശനം നടത്തി.
ഗവൺമെന്റിന്റെ പ്രവർത്തന ശൈലിയിലും പ്രചാരണ രീതികളിലും ഉണ്ടായ പാളിച്ചകളെ ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്ന ‘അവതാരങ്ങൾ’ ഭരണത്തിൽ സ്വാധീനം ചെലുത്തിയോ എന്ന് പരിശോധിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യവും കേരളത്തിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം മാത്രം വെച്ചുള്ള ഫ്ളക്സുകൾ സ്ഥാപിച്ചതും വോട്ടർമാർക്കിടയിൽ വെറുപ്പുണ്ടാക്കാനും ഇടതുപക്ഷത്തിന്റെ മതിപ്പ് തകരാനും കാരണമായതായി സി.പി.ഐ സംസ്ഥാന കൗൺസിൽ വിലയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിലെ നയപരമായ പ്രശ്നങ്ങളെയും കമ്മ്യൂണിസ്റ്റ് ശൈലിക്ക് ചേരാത്ത പ്രയോഗങ്ങളെയും ബിനോയ് വിശ്വം തള്ളിപ്പറഞ്ഞു. സർക്കാർ ഉപയോഗിച്ചിരുന്ന ‘കോൺക്ലേവ്’, ലോകബാങ്കിന്റെ വാക്കായ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ തുടങ്ങിയ പ്രയോഗങ്ങൾ സാധാരണക്കാരിൽ നിന്ന് ഭരണത്തെ അകറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ഉൾപ്പെടുത്തിയത് വലിയ പാളിച്ചയായിരുന്നു. ഇത് ഇടതുപക്ഷത്തെക്കുറിച്ച് മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും ഉണ്ടായിരുന്ന പ്രതീക്ഷകൾ തകരാൻ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശനുമായുള്ള സി.പി.എമ്മിന്റെ അമിത അടുപ്പത്തെയും ബിനോയ് വിശ്വം വിമർശിച്ചു. വെള്ളാപ്പള്ളിയെപ്പോലെ ഒരാൾ ഇടതുപക്ഷത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായി മാറുന്നത് എൽ.ഡി.എഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാൻ കഴിയില്ല. ഇതോടൊപ്പം, മുന്നണിക്കകത്തെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐക്ക് ലഭിക്കണമെന്നത് പാർട്ടിയുടെ ശക്തമായ ആവശ്യമാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് അത് നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പദവി ലഭിച്ചില്ലെങ്കിൽ മുന്നണിയെ സംരക്ഷിച്ചുകൊണ്ട് തന്നെ സി.പി.ഐക്ക് മുന്നിൽ മറ്റു ഒരുപാട് വഴികളുണ്ടെന്നും അത് സി.പി.എമ്മിന് ബോധ്യപ്പെടുമെന്നും ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
