Skip to content
Kerala

ചീഫ് എഡിറ്റർ സുജയാ പാർവതിയെ വെട്ടി, ലക്ഷ്മി പത്മയേയും അപർണ കുറുപ്പും കയ്യാലപ്പുറത്ത്, ബിഗ് ടിവിയിൽ നേതൃമാറ്റം

ചീഫ് എഡിറ്റർ സുജയാ പാർവതിയുടെ അധികാരം വെട്ടിച്ചുരുക്കിക്കൊണ്ട് അനിൽ അയ്യൂരൂരിന്റെ വിശ്വസ്തരായ അനൂപ് ജോണിനെ കണ്ടന്റ് എഡിറ്ററായും ഗോപൻജിയെ ചീഫ് ഇന്നവേഷൻ ഓഫീസറുമായി നിയമിച്ചു

W

web desk

Published on: 6 Nov 2026, 5:41 pm

ചീഫ് എഡിറ്റർ സുജയാ പാർവതിയെ വെട്ടി, ലക്ഷ്മി പത്മയേയും അപർണ കുറുപ്പും കയ്യാലപ്പുറത്ത്, ബിഗ് ടിവിയിൽ നേതൃമാറ്റം

സംപ്രേഷണം തുടങ്ങി എട്ടു മാസമായിട്ടും പ്രതീക്ഷിച്ച നിലവാരം പുലർത്താനാകാതെ വന്നതോടെ 'ബിഗ് ടിവി' ചാനലിന്റെ തലപ്പത്ത് നിർണായക മാറ്റങ്ങൾ വരുത്തി മാനേജ്മെന്റ്. എഡിറ്റോറിയൽ വിഭാഗത്തിലെ അനൈക്യവും ചീഫ് എഡിറ്റർ സുജയാ പാർവതിക്കെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ പരാതികളും ഈ അഴിച്ചുപണിക്ക് കാരണമായിട്ടുണ്ട്. ചാനൽ മേധാവി അനിൽ അയിരൂരിന്റെ നേതൃത്വത്തിലാണ് പുതിയ നിയമനങ്ങളും ഭരണപരമായ മാറ്റങ്ങളും നടപ്പിലാക്കിയിരിക്കുന്നത്.

ചീഫ് എഡിറ്റർ സുജയാ പാർവതിയുടെ അധികാരം വെട്ടിച്ചുരുക്കിക്കൊണ്ട് അനിൽ അയിരൂരിന്റെ വിശ്വസ്തരായ അനൂപ് ജോണിനെ കണ്ടന്റ് എഡിറ്ററായും ഗോപൻജിയെ ചീഫ് ഇന്നവേഷൻ ഓഫീസറുമായി നിയമിച്ചു. വാർത്താ കണ്ടെന്റുകളുടെ കാര്യത്തിൽ അവസാന വാക്ക് ഇവർക്കായിരിക്കുമെന്നാണ് പുതിയ നിർദ്ദേശം. കൂടാതെ, കോഴിക്കോട് റീജിയണൽ ഹെഡ് ആയിരുന്ന ദീപക് മലയമ്മയെ ഡെപ്യൂട്ടി കണ്ടന്റ് എഡിറ്ററായി ഉയർത്തിക്കൊണ്ട് കൊച്ചി ഓഫീസിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

മാധ്യമ സ്ഥാപനങ്ങളിൽ പൊതുവേ ചീഫ് എഡിറ്ററിന് മുകളിൽ ഇത്തരത്തിലുള്ള അധികാരകേന്ദ്രങ്ങൾ പതിവില്ലെങ്കിലും, ആ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. മാനേജ്മെന്റിന്റെ ഈ നടപടിയോടെ സുജയാ പാർവതിയും ന്യൂസ് ഡെസ്കിലെ മറ്റ് പ്രമുഖരും അസംതൃപ്തിയിലാണെന്നും, എഡിറ്റോറിയൽ ബോർഡിൽ കടുത്ത വിയോജിപ്പ് നിലനിൽക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടക്കത്തിൽ വൻ പ്രതിഫലം നൽകി പ്രമുഖരെയും ജേർണലിസ്റ്റുകളെയും എത്തിച്ചെങ്കിലും ചാനലിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എടുത്തുപറയാവുന്ന തരത്തിലുള്ള വലിയ വാർത്തകളോ ജനശ്രദ്ധയാകർഷിക്കുന്ന റിപ്പോർട്ടുകളോ പുറത്തുവിടാൻ കഴിയാത്തത് ചാനലിന്റെ റേറ്റിംഗിനെയും വളർച്ചയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്‍ തുക നല്‍കി ചാനലിലെത്തിച്ച ലക്ഷ്മി പത്മയുടേയും അപർണ്ണ കുറുപ്പിന്‍റേയുമെല്ലാം പ്രകടനം ദയനീയമാണെന്നാണ് ബിഗ് ടിവി മാനേജുമെന്‍റെ വിലയിരുത്തല്‍.

Related Stories