Skip to content
Kerala

ബംഗാളിൽ കനലൊടുങ്ങി സിപിഎം; നിയമസഭയ്ക്ക് പുറമെ പാർലമെന്റിലും പ്രതിനിധികളെ പൂർണ്ണമായും നഷ്ടമായി

പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളോളം ഭരണം കയ്യാളിയിരുന്ന സിപിഎം ചരിത്രത്തിലാദ്യമായി നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യമില്ലാത്ത അവസ്ഥയിലേക്ക് വീണു. ബംഗാളിൽ നിന്നുള്ള പാർട്ടിയിലെ ഏക എംപിയായിരുന്ന ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞ ഏപ്രിൽ രണ്ടിന് അവസാനിച്ചതോടെയാണ് പാർട്ടി പൂർണ്ണമായും പ്

N

News Desk

Published on: 22 Apr 2026, 11:03 am

ബംഗാളിൽ കനലൊടുങ്ങി സിപിഎം; നിയമസഭയ്ക്ക് പുറമെ പാർലമെന്റിലും പ്രതിനിധികളെ പൂർണ്ണമായും നഷ്ടമായി

പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളോളം ഭരണം കയ്യാളിയിരുന്ന സിപിഎം ചരിത്രത്തിലാദ്യമായി നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യമില്ലാത്ത അവസ്ഥയിലേക്ക് വീണു. ബംഗാളിൽ നിന്നുള്ള പാർട്ടിയിലെ ഏക എംപിയായിരുന്ന ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞ ഏപ്രിൽ രണ്ടിന് അവസാനിച്ചതോടെയാണ് പാർട്ടി പൂർണ്ണമായും പ്രതിനിധികളില്ലാത്ത അവസ്ഥയിലായത്. കൊൽക്കത്ത മുൻ മേയർ കൂടിയായ അദ്ദേഹം 2020-ലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയമാണ് പാർട്ടിയെ ഈ പ്രതിസന്ധിയിൽ എത്തിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഒറ്റ സീറ്റുപോലും നേടാനായിരുന്നില്ല. തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടി കാരണം ബികാഷ് രഞ്ജൻ ഭട്ടാചാര്യയ്ക്ക് പകരം മറ്റൊരു അംഗത്തെ രാജ്യസഭയിലേക്ക് അയക്കാനുള്ള ഭൂരിപക്ഷവും പാർട്ടിക്ക് നിലവിൽ നിയമസഭയിലില്ല. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബംഗാളിൽ നിന്ന് ഒരാളെപ്പോലും വിജയിപ്പിക്കാൻ സിപിഎമ്മിന് സാധിച്ചില്ല.

1977-ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഇടതുപക്ഷം തുടർച്ചയായി 34 വർഷമാണ് ബംഗാൾ ഭരിച്ചത്. ജ്യോതി ബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും നേതൃത്വത്തിൽ കരുത്തുറ്റ സ്വാധീനം ചെലുത്തിയിരുന്ന പാർട്ടിക്ക് 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ആണ് ആദ്യ പ്രഹരമേൽപ്പിച്ചത്. അന്ന് 40 സീറ്റുകൾ നേടാനായെങ്കിലും പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും വലിയ ഇടിവാണ് സംഭവിച്ചത്.

നിലവിലെ സാഹചര്യം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിനായുള്ള കടുത്ത പോരാട്ടമാണ്. മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ അനുസ്മരണ ചടങ്ങിൽ പോലും നിയമസഭയിൽ സംസാരിക്കാൻ പാർട്ടിക്ക് പ്രതിനിധികളില്ലാത്ത അവസ്ഥ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച പാർട്ടിക്ക് ബംഗാൾ രാഷ്ട്രീയത്തിൽ തിരിച്ചു വരാനാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Related Stories