Skip to content
Kerala

ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം: ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കി

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ മാനേജ്മെന്റ് പുറത്താക്കി. ഓരോ ദിവസവും ഇദ്ദേഹത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുള്

N

News Desk

Published on: 16 Apr 2026, 7:44 pm

ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം: ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കി

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ മാനേജ്മെന്റ് പുറത്താക്കി. ഓരോ ദിവസവും ഇദ്ദേഹത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നിര്‍ണ്ണായക നടപടി. വിദ്യാര്‍ത്ഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ഡോ. റാമിനെ പുറത്താക്കണമെന്നത് സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഡോ. റാം ഒളിവിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് ഔദ്യോഗികമായി കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

അധ്യാപകനില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ച് മരിച്ച നിതിന്‍ രാജിന്റെ ശബ്ദസന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ മറ്റ് അനേകം രക്ഷിതാക്കളും ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തി. കുട്ടികളെ പരസ്യമായി അധിക്ഷേപിക്കുന്നതും സഹ അധ്യാപകരോട് മോശമായി പെരുമാറുന്നതും ഇദ്ദേഹത്തിന്റെ രീതിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് സമാനമായ പരാതികളെ തുടര്‍ന്ന് ഇദ്ദേഹത്തെ രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സമരം ശക്തമായതും പൊതുസമൂഹത്തിന്റെ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതും മാനേജ്മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി. കോളേജിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും പുതിയ അഡ്മിഷനുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കണ്ടതോടെയാണ് മാനേജ്മെന്റ് പുറത്താക്കല്‍ നടപടിയിലേക്ക് നീങ്ങിയത്. ഡോ. റാമിനെതിരെ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ വെച്ച് കോളേജ് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് മാനേജ്മെന്റിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Related Stories