Skip to content
Kerala

ഇന്ന് ബലിപെരുന്നാള്‍, ത്യാഗതതിന്റെയും ആത്മസമർപ്പണത്തിന്റേയും ആഘോഷം

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് ത്യാഗത്തിന്റേയും ആത്മസമർപ്പണത്തിന്റേയും പ്രതീകമായ ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷിക്കുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഭേദിച്ച്, വിശ്വസാഹോദര്യത്തിന്റേയും മാനവികതയുടേയും വിളംബരമായി മാറുകയാണ് ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ. പ്രവാചകനായ ഇബ്രാഹിം നബിയുടെ സമാന

N

News Desk

Published on: 28 May 2026, 9:59 am

ഇന്ന് ബലിപെരുന്നാള്‍, ത്യാഗതതിന്റെയും ആത്മസമർപ്പണത്തിന്റേയും ആഘോഷം

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് ത്യാഗത്തിന്റേയും ആത്മസമർപ്പണത്തിന്റേയും പ്രതീകമായ ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷിക്കുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഭേദിച്ച്, വിശ്വസാഹോദര്യത്തിന്റേയും മാനവികതയുടേയും വിളംബരമായി മാറുകയാണ് ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ. പ്രവാചകനായ ഇബ്രാഹിം നബിയുടെ സമാനതകളില്ലാത്ത ത്യാഗ സ്മരണ പുതുക്കിയാണ് വിശ്വാസി സമൂഹം ഈ പുണ്യദിനത്തെ വരവേൽക്കുന്നത്.

തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ അല്ലാഹുവിന്റെ കൽപ്പന മാനിച്ച് ബലിയർപ്പിക്കാൻ ഇബ്രാഹിം നബി സന്നദ്ധനായതിന്റെ ഓർമ്മപ്പെടുത്തലാണ് ബലിപെരുന്നാൾ. വാർദ്ധക്യകാലത്ത് തനിക്കുണ്ടായ ഏക മകനെ ബലിനൽകണമെന്ന ദൈവകൽപ്പനയ്ക്ക് മുന്നിൽ ഒട്ടും മനസ്സ് പതറാതെ അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. ഇബ്രാഹിം നബിയുടെ അചഞ്ചലമായ ഭക്തിയിലും സമർപ്പണത്തിലും സംപ്രീതനായ നാഥൻ, മകന് പകരമായി ഒരു ആടിനെ ബലിനൽകാൻ നിർദ്ദേശിച്ചുവെന്നാണ് ഇസ്ലാമിക വിശ്വാസം.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകർമ്മമായ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ഈ സുദിനം. വംശ-വർണ്ണ വ്യത്യാസങ്ങളില്ലാതെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് മനുഷ്യർ മക്കയിൽ ഒരുമിച്ച് കൂടുന്ന ഹജ്ജ് കർമ്മം പൂർത്തിയാകുന്നതോടെയാണ് ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് വിശ്വാസികൾ കടക്കുന്നത്. ത്യാഗസന്നദ്ധതയും ഒപ്പം നിർധനരെ ചേർത്തുപിടിക്കലുമാണ് ഈ ആഘോഷത്തിന്റെ കാതൽ.

കേരളത്തിലെ വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും രാവിലെ പ്രത്യേക പെരുന്നാൾ നമസ്‌കാരങ്ങളും പ്രാർത്ഥനകളും നടന്നു. തുടർന്ന് പരസ്പരം ഈദ് ആശംസകൾ കൈമാറിയും സ്നേഹവിരുന്നുകൾ ഒരുക്കിയും പ്രവാസികളടക്കമുള്ള വിശ്വാസികൾ പെരുന്നാൾ നിറവിലാണ്. സമാധാനത്തിന്റേയും സഹനത്തിന്റേയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ പെരുന്നാൾ ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു.

Related Stories