Skip to content
Kerala

മമ്മൂട്ടിക്കെതിരായ വംശീയ ഫേസ്ബുക്ക് പോസ്റ്റ് മുക്കി ബി. ഗോപാലകൃഷ്ണൻ; "ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ല"

മമ്മൂട്ടി ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പഴയ അധിക്ഷേപ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയത്. വിവാദം കടുത്തതോടെയാണ് ഗോപാലകൃഷ്ണൻ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

W

web desk

Published on: 10 Nov 2026, 9:55 am

മമ്മൂട്ടിക്കെതിരായ വംശീയ ഫേസ്ബുക്ക് പോസ്റ്റ് മുക്കി ബി. ഗോപാലകൃഷ്ണൻ; "ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ല"

നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള മുസ്‌ലിം സിനിമാപ്രവർത്തകർക്കെതിരെ മുൻപ് നടത്തിയ വംശീയ അധിക്ഷേപ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടി ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പഴയ അധിക്ഷേപ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയത്. വിവാദം കടുത്തതോടെയാണ് ഗോപാലകൃഷ്ണൻ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

മകളുടെ വിവാഹത്തിന് നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നതിനാലാണ് മമ്മൂട്ടി സൗഹൃദസന്ദർശനത്തിനായി തന്റെ വീട്ടിൽ എത്തിയതെന്ന് ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ സന്ദർശനത്തിന്റെ വാർത്ത പുറത്തുവന്നതോടെയാണ് മുൻപ് അദ്ദേഹം ഉന്നയിച്ച വിദ്വേഷ പരാമർശങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നതും വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചതും.

2025 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഗോപാലകൃഷ്ണൻ വിവാദ പോസ്റ്റിട്ടത്. അവാർഡ് നേടിയ മമ്മൂട്ടിയടക്കമുള്ള മുസ്‌ലിം കലാകാരന്മാരുടെ പേരുകൾ പ്രത്യേകം പരാമർശിച്ചുകൊണ്ട് "ബിസ്‌മയം" എന്ന് പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ഫേസ്ബുക്ക് കുറിപ്പ്. ഈ കുറിപ്പാണ് ഇപ്പോൾ വലിയ രീതിയിൽ വിമർശനവിധേയമായതും അദ്ദേഹം നീക്കം ചെയ്തതും.

അതേസമയം, പോസ്റ്റ് ഡിലീറ്റ് ചെയ്ത സംഭവം വലിയ വിവാദമായെങ്കിലും വിഷയത്തെ തള്ളപ്പറയുന്ന നിലപാടാണ് ഗോപാലകൃഷ്ണൻ സ്വീകരിച്ചത്. "ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ല" എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇന്നലെ അദ്ദേഹം നൽകിയ മറുപടി. എങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ അടക്കം പങ്കുവെച്ച് അദ്ദേഹത്തിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.

Related Stories