Skip to content
Kerala

എന്റെ ആത്മഹത്യ ഈ സിസ്റ്റത്തോടുളള പ്രതിഷേധം, എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോഡ്രൈവർ ജീവനൊടുക്കി

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു അദ്ദേഹം ഈ തീരുമാനം എടുത്തത്. കൈക്കൂലി നൽകാത്തതിനെ

N

News Desk

Published on: 27 Aug 2026, 2:10 pm

എന്റെ ആത്മഹത്യ ഈ സിസ്റ്റത്തോടുളള പ്രതിഷേധം, എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോഡ്രൈവർ ജീവനൊടുക്കി

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു അദ്ദേഹം ഈ തീരുമാനം എടുത്തത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഷൗക്കത്ത് ആരോപിക്കുന്നത്. തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടന്നിട്ടും കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്നും, തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷമെങ്കിലും നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്നും ഷൗക്കത്ത് ആവശ്യപ്പെടുന്നു.

ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും, സാധാരണക്കാർക്ക് ഓരോ ആവശ്യത്തിനും കോടതികളെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും, വാഹനത്തിൽ ചെയ്ത സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അൺഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുൻപ് രണ്ട് തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തത് ഇതേ വകുപ്പ് തന്നെയാണെന്ന് ചൂണ്ടിക്കാണിച്ച ഷൗക്കത്ത്, വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്ക് പ്രധാന കാരണം ഏജന്റ് സംവിധാനമാണെന്നും ഇടനിലക്കാരെ ഒഴിവാക്കിയാൽ ഭൂരിഭാഗം അഴിമതികളും ഇല്ലാതാക്കാൻ സാധിക്കുമെന്നും പോസ്റ്റിൽ ഓർമിപ്പിക്കുന്നു. ജനങ്ങൾ അഴിമതിക്കെതിരെ പ്രതികരിക്കണമെന്നും പൊതുപ്രവർത്തനങ്ങളിലും ഔദ്യോഗിക കാര്യങ്ങളിലും വിവരാവകാശ നിയമം ആയുധമാക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories