Skip to content
Kerala

റവന്യുവകുപ്പിൽ പിൻസീറ്റിൽ കത്തോലിക്ക സഭ, വെളിപ്പടുത്തിയത് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, 'സഭ നിർദേശിച്ചയാളെ റവന്യു മന്ത്രിയുടെ സെക്രട്ടറിയാക്കി'

നിലവിൽ റവന്യൂ വകുപ്പിലെ സ്റ്റാഫിൽ സഭയുടെ പ്രതിനിധി കൂടിയുള്ളതിനാൽ ഭൂപ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു

W

web desk

Published on: 9 Nov 2026, 11:04 am

റവന്യുവകുപ്പിൽ പിൻസീറ്റിൽ കത്തോലിക്ക സഭ, വെളിപ്പടുത്തിയത് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, 'സഭ നിർദേശിച്ചയാളെ റവന്യു മന്ത്രിയുടെ സെക്രട്ടറിയാക്കി'

സഭ നിർദേശിക്കുന്നയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫിൽ നിയമിക്കാമെന്ന് നൽകിയ ഉറപ്പ് റവന്യൂ മന്ത്രി പാലിച്ചതായി പരസ്യമായി വെളിപ്പെടുത്തി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വേദിയിലിരിക്കെയാണ്, സഭ നിർദേശിക്കുന്നയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫിൽ നിയമിക്കാമെന്ന് നൽകിയ ഉറപ്പ് മന്ത്രി പാലിച്ചതായി ബിഷപ്പ് പരസ്യമായി വെളിപ്പെടുത്തിയത്. KCYM, SMYM തലശ്ശേരി അതിരൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ജെൻസി' യുവജന ദിനസമ്മേളനത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

മലയോര കർഷകരുടെയും സാധാരണക്കാരുടെയും ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്ന് ബിഷപ്പ് ചൂണ്ടിക്കാണിച്ചു. മലയോര മേഖലയിലെ പ്രതിസന്ധികൾ മനസ്സിലാക്കുന്ന ആരെങ്കിലും റവന്യൂ മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടാകണമെന്ന ആവശ്യത്തോട് മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. സഭയ്ക്ക് സ്വീകാര്യനായ ഉദ്യോഗസ്ഥനെ നിർദേശിക്കാൻ മന്ത്രി ആവശ്യപ്പെടുകയും, ആ വാഗ്ദാനം പാലിച്ച് സഭ നിർദേശിച്ച വ്യക്തിയെ തന്നെ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തതായി ബിഷപ്പ് വ്യക്തമാക്കി .

നിലവിൽ റവന്യൂ വകുപ്പിലെ സ്റ്റാഫിൽ സഭയുടെ പ്രതിനിധി കൂടിയുള്ളതിനാൽ ഭൂപ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മലയോര ജനതയുടെ ദീർഘകാലമായുള്ള ഭൂമി സംബന്ധമായ സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബിഷപ്പിന്റെ ഈ അവകാശവാദത്തോട് മന്ത്രിയോ മറ്റ് അധികൃതരോ വേദിയിൽ വെച്ച് വിയോജിപ്പ് പ്രകടിപ്പിക്കുകയോ തിരുത്താൻ തയ്യാറാകുകയോ ചെയ്തില്ല. സർക്കാരും സഭാ നേതൃത്വവും തമ്മിലുള്ള അണിയറ നീക്കങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥ നിയമനങ്ങളിലെ സഭാ സ്വാധീനത്തെക്കുറിച്ചും ഉള്ള ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാനാണ് സാധ്യത.

Related Stories