Skip to content
Kerala

‘മാപ്പിരക്കുക അയാളോട്’; പിണറായിയെ പുകഴ്ത്തി കെടി ജലീൽ, സോഷ്യൽ മീഡിയയിൽ കടുത്ത അമർഷവും ‘പൊങ്കാലയും’

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തെയും വ്യക്തിത്വത്തെയും പുകഴ്ത്തിയും, അദ്ദേഹത്തിനെതിരെ വിമർശനങ്ങളുന്നയിച്ച ജനങ്ങൾ കേരളം നേരിടുന്ന നിലവിലെ പ്രതിസന്ധികളിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും കെ.ടി. ജലീൽ എം.എൽ.എ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. “മാപ്പിരക്കുക അയ

N

News Desk

Published on: 3 Aug 2026, 12:48 pm

‘മാപ്പിരക്കുക അയാളോട്’; പിണറായിയെ പുകഴ്ത്തി കെടി ജലീൽ, സോഷ്യൽ മീഡിയയിൽ കടുത്ത അമർഷവും ‘പൊങ്കാലയും’

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തെയും വ്യക്തിത്വത്തെയും പുകഴ്ത്തിയും, അദ്ദേഹത്തിനെതിരെ വിമർശനങ്ങളുന്നയിച്ച ജനങ്ങൾ കേരളം നേരിടുന്ന നിലവിലെ പ്രതിസന്ധികളിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും കെ.ടി. ജലീൽ എം.എൽ.എ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. “മാപ്പിരക്കുക അയാളോട്!” എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ദീർഘമായ പോസ്റ്റിലാണ് പിണറായി വിജയനെ ഒരു രക്ഷാകർത്താവിനോട് ഉപമിച്ച് ജലീൽ പിന്തുണ അറിയിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളുമായാണ് സൈബർ ഇടങ്ങളിൽ ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.

പത്ത് വർഷക്കാലം പ്രതിസന്ധികളിൽ ആടിയുലഞ്ഞ കേരളത്തിന് പിതൃസ്ഥാനത്തുനിന്ന് രാപ്പകലില്ലാതെ കാവലിരുന്ന ഭരണാധികാരിയായിരുന്നു പിണറായി വിജയൻ എന്ന് ജലീൽ കുറിച്ചു. പ്രളയം, കോവിഡ്, നിപ്പ തുടങ്ങിയ ദുരന്തങ്ങളിൽ സെക്രട്ടേറിയറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചതും, സന്ധ്യാസമയങ്ങളിലെ പത്രസമ്മേളനങ്ങളിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയതും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

ഒരൊറ്റ മുഖം മാത്രമുള്ള, ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത നേതാവായിരുന്നു അദ്ദേഹമെന്നും, വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് അദ്ദേഹത്തെ ധിക്കാരിയും അഹങ്കാരിയറുമായി തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും ജലീൽ കുറ്റപ്പെടുത്തുന്നു.

“ഒരു ജനത അർഹിക്കുന്ന ഭരണാധികാരികളെയാണ് അവർക്ക് ലഭിക്കുക” എന്ന ഫ്രഞ്ച് തത്ത്വചിന്തകൻ ജോസഫ് ഡി മൈസ്ട്രേയുടെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ജലീൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് പിണറായി വിജയനെ തെറ്റിദ്ധരിച്ചതിന് കേരള ജനത ആ മനുഷ്യനോട് ക്ഷമാപണം നടത്തണമെന്നും, നിലവിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന അനാഥത്വത്തിന് കാരണം ഈ നന്ദികേടാണെന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.

എന്നാൽ, കെ.ടി. ജലീലിന്റെ ഈ വൈകാരിക കുറിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ‘പൊങ്കാല’യുമാണ് ഉയരുന്നത്. മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക പ്രതിസന്ധികളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്. ജനങ്ങളുടെ ജനാധിപത്യപരമായ വിമർശനങ്ങളെയും രാഷ്ട്രീയ വിലയിരുത്തലുകളെയും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും, അന്ധമായ വ്യക്തിപൂജയാണ് ഇത്തരം കുറിപ്പുകളിലൂടെ വെളിവാകുന്നതെന്നും വിമർശകർ കുറിക്കുന്നു.

Related Stories