Skip to content
Kerala

നിമിഷപ്രിയയുടെ മോചനശ്രമം; ചാണ്ടി ഉമ്മനെതിരെ ആരോപണവുമായി എപി സുന്നി സൈബര്‍കൂട്ടം

കോട്ടയം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണല്ലോ. അതിനിടെ ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എപി സുന്നി വിഭാഗം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത

N

News Desk

Published on: 17 Jul 2025, 10:37 am

നിമിഷപ്രിയയുടെ മോചനശ്രമം; ചാണ്ടി ഉമ്മനെതിരെ ആരോപണവുമായി എപി സുന്നി സൈബര്‍കൂട്ടം

കോട്ടയം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണല്ലോ. അതിനിടെ ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എപി സുന്നി വിഭാഗം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത്.

ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലുകളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പ്രധാന വിമര്‍ശനം.

ചാണ്ടി ഉമ്മന്‍ മുന്‍കൈയെടുത്താണ് നിമിഷപ്രിയയുടെ വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ സഹായം തേടിയതെന്ന് എപി വിഭാഗം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. തുടര്‍ന്ന് കാന്തപുരം ഉസ്താദ് ശൈഖ് ഉമര്‍ ഹബീബ് മുഖേന നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നീട്ടിവെക്കാന്‍ കാരണമായത്. എന്നാല്‍, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ചാണ്ടി ഉമ്മന്‍, കേന്ദ്രസര്‍ക്കാരിന്റെയും ഗവര്‍ണറുടെയും ഇടപെടലുകളെ പ്രശംസിക്കുകയും ‘കാന്തപുരത്തിന്റെ ഇടപെടലുകളും ഗുണമായിട്ടുണ്ടാകാം’ എന്ന അഴകൊഴമ്പന്‍ മട്ടില്‍ പ്രതികരിക്കുകയും ചെയ്‌തെന്ന് പോസ്റ്റുകള്‍ ആരോപിക്കുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയിലെ ഒരംഗം കാന്തപുരം ഉസ്താദിന്റെ ഇടപെടലുകളെ നിരന്തരം അവഹേളിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചപ്പോള്‍, വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട ചാണ്ടി ഉമ്മന്‍ അതിനെ തള്ളിപ്പറയാന്‍ തയ്യാറായില്ലെന്നും പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു. ഇത് ചാണ്ടി ഉമ്മന്റെ സ്വാര്‍ത്ഥ താല്‍പര്യമാണ് കാണിക്കുന്നതെന്നും സത്യസന്ധതയില്ലാത്ത നിലപാടാണിതെന്നും വിമര്‍ശകര്‍ പറയുന്നു.

സമസ്ത എപി അനുകൂല നേതാവായ ജവാദ് മുസ്തഫവി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഈ വിഷയം സൂചിപ്പിച്ചതായും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ”അന്തരിച്ച ഉമ്മന്‍ചാണ്ടി യെമനില്‍ പ്രത്യക്ഷപ്പെട്ട് ഇതെല്ലാം ചെയ്തു തിരിച്ചു പോയി എന്ന് പോലും ഒരുപക്ഷേ അയാള്‍ പറഞ്ഞേക്കാം’ എന്ന രീതിയിലുള്ള രൂക്ഷമായ പരിഹാസത്തോടെയാണ് പല പോസ്റ്റുകളും അവസാനിക്കുന്നത്. ഇതോടെ, നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്കിടെ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയാണ്.

Related Stories