Skip to content
Kerala

ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കം: ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായുള്ള റോഡിലെ വാക്കുതർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ ജോലി നഷ്ടപ്പെട്ട എൽ.എച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം നൽകി. യദുവിന് പുനർനിയമനം നൽകണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഡ്രൈവർ തസ്തിക

N

News Desk

Published on: 13 Jun 2026, 9:27 pm

ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കം: ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

 തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായുള്ള റോഡിലെ വാക്കുതർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ ജോലി നഷ്ടപ്പെട്ട എൽ.എച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം നൽകി. യദുവിന് പുനർനിയമനം നൽകണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഡ്രൈവർ തസ്തികയിലേക്ക് ഈ താൽക്കാലിക നിയമനം നടന്നിരിക്കുന്നത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ വെച്ചുണ്ടായ തർക്കത്തിൽ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലാണ് യദുവിനെ കെഎസ്ആർടിസി ജോലിയിൽ നിന്ന് നേരത്തെ പിരിച്ചുവിട്ടിരുന്നത്.

2024 ഏപ്രിൽ 28-നായിരുന്നു വിവാദമായ ഈ സംഭവം നടന്നത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് മേയറും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ബന്ധുക്കളും ചേർന്ന് നടുറോഡിൽ കാർ കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടയിൽ കാറിന് നേരെ ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്ന് യദുവിനെതിരെ കേസെടുത്തത്. തുടർന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും മേയർക്ക് അനുകൂലമായിരുന്നു.

എന്നാൽ മേയറും സംഘവും തന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും, യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടുവെന്നും കാണിച്ച് യദുവും പോലീസിൽ പരാതി നൽകിയിരുന്നു. തുടക്കത്തിൽ പോലീസ് ഈ പരാതിയിൽ കേസെടുക്കാൻ തയ്യാറായില്ലെങ്കിലും, സംഭവം വലിയ രീതിയിൽ രാഷ്ട്രീയ വിവാദമായതോടെയാണ് മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്. ഈ വാക്കുതർക്കത്തെ തുടർന്നാണ് യദുവിന് തന്റെ ഉപജീവനമാർഗ്ഗമായിരുന്ന താൽക്കാലിക കെഎസ്ആർടിസി ഡ്രൈവർ ജോലി നഷ്ടമായത്.

നിലവിൽ കെഎസ്ആർടിസി ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുൻഗണനാ പട്ടികയിൽ യദുവും ഉൾപ്പെട്ടിട്ടുണ്ട്. ആകെ മുപ്പത് പേരുള്ള ഈ ഔദ്യോഗിക പട്ടികയിൽ നിന്നും പതിനഞ്ചോളം പേർക്ക് ഇതിനോടകം തന്നെ നിയമനം ലഭിച്ചുകഴിഞ്ഞു. നിയമസഭയിലെ പുതിയ താൽക്കാലിക ജോലിക്ക് പുറമെ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി കെഎസ്ആർടിസിയിലേക്ക് ഉടൻ തന്നെ സ്ഥിരനിയമനവും ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഡ്രൈവർ യദു ഇപ്പോൾ.

Related Stories