Skip to content
Kerala

‘മാറാട് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ് നൽകിയത്’; പ്രസ്താവനയിൽ വിശദീകരണവുമായി എ.കെ ബാലൻ

തിരുവനന്തപുരം: മാറാട് കലാപത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സിപിഐഎം മുതിർന്ന നേതാവ് എ.കെ. ബാലൻ. വർഗീയവാദികളെ കൂട്ടുപിടിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ഭരണത്തെ സ്വാധീനിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മാരീചന്

N

News Desk

Published on: 24 Jan 2026, 5:11 pm

‘മാറാട് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ് നൽകിയത്’; പ്രസ്താവനയിൽ വിശദീകരണവുമായി എ.കെ ബാലൻ

തിരുവനന്തപുരം: മാറാട് കലാപത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സിപിഐഎം മുതിർന്ന നേതാവ് എ.കെ. ബാലൻ. വർഗീയവാദികളെ കൂട്ടുപിടിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ഭരണത്തെ സ്വാധീനിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മാരീചന്മാരെ തിരിച്ചറിയുക’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വർഗീയ സംഘടനകൾ സർക്കാരിനെ സ്വാധീനിക്കുകയും ആഭ്യന്തര ഭരണത്തിൽ ഇടപെടുകയും ചെയ്യുമെന്ന് ബാലൻ ആരോപിച്ചു. ഇത്തരം നീക്കങ്ങൾ മാറാട് പോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാൻ വഴിയൊരുക്കുമെന്നാണ് തന്റെ പക്ഷം. മാറാട് ഇനിയുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് താൻ ആ മുന്നറിയിപ്പ് നൽകിയതെന്നും ഇതിനെ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് ഒപ്പം കൂട്ടുന്നതിനെതിരെ മുസ്ലിം ലീഗോ മറ്റ് മുസ്ലിം സംഘടനകളോ അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയെയോ ജനാധിപത്യത്തെയോ മതനിരപേക്ഷതയെയോ അംഗീകരിക്കാത്ത ഒരു സംഘടനയുടെ സഹായത്തോടെ യുഡിഎഫ് അടിത്തറ വികസിപ്പിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, യുഡിഎഫ് വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന ബാലന്റെ പരാമർശം വലിയ വിവാദമായിരുന്നു. മാറാട്, തലശേരി കലാപങ്ങളുടെ സമയത്ത് തന്റെ പ്രസ്ഥാനം ജീവൻ നൽകി വർഗീയതയെ പ്രതിരോധിച്ചപ്പോൾ ഈ സംഘടനകൾ നോക്കി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു. പരാമർശത്തിൽ മാപ്പ് പറയില്ലെന്നും സത്യം തുറന്നുപറയുന്നത് തുടരുമെന്നും വ്യക്തമാക്കിയതോടെ ഈ വിഷയം രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയാവുകയാണ്.

Related Stories