Skip to content
Kerala

‘പോറ്റി തന്ന കവറിൽ ഈത്തപ്പഴമായിരുന്നു, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നു’; വിവാദങ്ങളിൽ വിശദീകരണവുമായി അടൂർ പ്രകാശ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് മുൻപരിചയമില്ലായിരുന്നുവെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വസ്തുതയില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. 2019-ൽ ആറ്റിങ്ങൽ എംപിയായ ശേഷമാണ് പോറ്റി തന്നെ ആദ്യമായി വന്ന് കണ്ടതെന്നും ശബരിമലയിലെ അന്നദാന ചടങ്ങിലേക്ക് ക്ഷണിച്ചതനുസരിച്

N

News Desk

Published on: 23 Jan 2026, 11:03 am

‘പോറ്റി തന്ന കവറിൽ ഈത്തപ്പഴമായിരുന്നു, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നു’; വിവാദങ്ങളിൽ വിശദീകരണവുമായി അടൂർ പ്രകാശ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് മുൻപരിചയമില്ലായിരുന്നുവെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വസ്തുതയില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. 2019-ൽ ആറ്റിങ്ങൽ എംപിയായ ശേഷമാണ് പോറ്റി തന്നെ ആദ്യമായി വന്ന് കണ്ടതെന്നും ശബരിമലയിലെ അന്നദാന ചടങ്ങിലേക്ക് ക്ഷണിച്ചതനുസരിച്ചാണ് താൻ അവിടെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്നെ കാണാൻ വരുന്നവരെ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിവാദമായ കൂടിക്കാഴ്ചകളെക്കുറിച്ച് സംസാരിക്കവെ, ബംഗളൂരുവിൽ വെച്ച് പോറ്റി തനിക്ക് നൽകിയ കവറിൽ ഈത്തപ്പഴമായിരുന്നുവെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തി. താൻ അവിടെയുള്ളപ്പോഴാണ് പോറ്റി കാണാൻ വന്നതെന്നും സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങിന്റെ ക്ഷണക്കത്താണ് അന്ന് കൈമാറിയതെന്നുമാണ് ഓർമ്മയെന്നും അദ്ദേഹം പറഞ്ഞു. കവറിലുണ്ടായിരുന്ന ഈത്തപ്പഴം അപ്പോൾ തന്നെ കൂടെയുണ്ടായിരുന്നവർക്ക് വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല പ്രതിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. സോണിയ ഗാന്ധിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും എംപി എന്ന നിലയിൽ കൂടെ വരണമെന്നും പോറ്റി ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ പോയത്. മണ്ഡലത്തിലെ വോട്ടർമാരുടെ ആവശ്യങ്ങൾക്കും ചടങ്ങുകൾക്കും എംപി എന്ന നിലയിൽ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് പോറ്റിയുടെ പിതാവ് മരിച്ചപ്പോൾ വീട്ടിൽ പോയതെന്നും വെഞ്ഞാറമൂടിലെ സഹോദരിയുടെ വീട്ടിൽ കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കൊപ്പം സന്ദർശനം നടത്തിയതായും അദ്ദേഹം സമ്മതിച്ചു.

അടൂർ പ്രകാശിന് ഉണ്ണികൃഷ്ണൻ പോറ്റി സമ്മാനപ്പൊതി കൈമാറുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് വിവാദം ശക്തമായത്. ബംഗളൂരുവിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നേരത്തെ സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന പോറ്റിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രതിയുമായുള്ള കോൺഗ്രസ് നേതാക്കളുടെ ബന്ധം രാഷ്ട്രീയ എതിരാളികൾ വലിയ ആയുധമാക്കുന്നതിനിടയിലാണ് അടൂർ പ്രകാശിന്റെ ഈ പ്രതികരണം.

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസ് പാളയത്തിൽ മാത്രം ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. പോറ്റിയുടെ അച്ഛന് കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്ന് സമ്മാനം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കളുമായി പ്രതിക്കുള്ള ബന്ധം പുറത്തുവരുന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.

Related Stories