Skip to content
Kerala

ന്യൂനപക്ഷ ക്ഷേമ ഫണ്ടിന്റെ 77% വിനിയോഗിച്ചില്ല; ഇടതു സർക്കാരിന്റേത് കാപട്യമെന്ന് എസ്ഡിപിഐ

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗിക്കുന്നതിൽ ഇടതു സർക്കാർ ഗുരുതരമായ അനാസ്ഥ കാണിക്കുന്നതായി എസ്ഡിപിഐ. നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, അനുവദിച്ച ഫണ്ടിന്റെ 77 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതായി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്

N

News Desk

Published on: 16 Feb 2026, 3:10 pm

ന്യൂനപക്ഷ ക്ഷേമ ഫണ്ടിന്റെ 77% വിനിയോഗിച്ചില്ല; ഇടതു സർക്കാരിന്റേത് കാപട്യമെന്ന് എസ്ഡിപിഐ

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗിക്കുന്നതിൽ ഇടതു സർക്കാർ ഗുരുതരമായ അനാസ്ഥ കാണിക്കുന്നതായി എസ്ഡിപിഐ. നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, അനുവദിച്ച ഫണ്ടിന്റെ 77 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതായി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് ആരോപിച്ചു. സർക്കാരിന്റെ ന്യൂനപക്ഷ സ്നേഹം വെറും വായ്ത്താരി മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭയിൽ മന്ത്രി വി. അബ്ദുറഹിമാൻ നൽകിയ മറുപടി പ്രകാരം, പദ്ധതിയിനത്തിൽ വകയിരുത്തിയ 105.63 കോടി രൂപയിൽ ഫെബ്രുവരി ആദ്യവാരം വരെ ചെലവഴിച്ചത് വെറും 24.09 കോടി രൂപ മാത്രമാണ്. ബാക്കി 81 കോടിയോളം രൂപ ഇപ്പോഴും ട്രഷറിയിൽ കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ വർഷങ്ങളിലും സമാനമായ അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2022-23 വർഷത്തിൽ 41.26 ശതമാനവും 2023-24 വർഷത്തിൽ വെറും 26.25 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്.

ആയിരക്കണക്കിന് വിദ്യാർത്ഥികളും വിധവകളും സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ അവഗണന. മദർ തെരേസ, എപിജെ അബ്ദുൽ കലാം, സി.എച്ച് മുഹമ്മദ് കോയ എന്നീ സ്കോളർഷിപ്പുകൾക്ക് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അവ വിതരണം ചെയ്തിട്ടില്ലെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി, പ്രീമാരിറ്റൽ കൗൺസലിങ് എന്നിവയും നിലച്ച മട്ടിലാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വഞ്ചനയാണ് സർക്കാർ കാട്ടുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ഈ തുക പൂർണ്ണമായും ലാപ്‌സ് ആയിപ്പോകാൻ സാധ്യതയുണ്ട്. പരസ്യങ്ങൾക്കും പി.ആർ വർക്കുകൾക്കുമായി കോടികൾ ചെലവിടുന്ന സർക്കാർ, അർഹരായവർക്ക് ലഭിക്കേണ്ട ക്ഷേമ ഫണ്ട് വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് അവകാശപ്പെടുമ്പോഴും, അനുവദിച്ച ഫണ്ട് പോലും കൃത്യമായി താഴെത്തട്ടിൽ എത്തിക്കാത്ത സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി.

Related Stories