Skip to content
Kerala

മെസി തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, 1.8 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ഷറഫലിയുടെ അക്കാദമിക്ക് കൈമാറിയ തുകയിൽ 1.8 കോടി രൂപ ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. തുക അക്കാദമിയിലെത്തി പതിനൊന്നാം ദിവസമാണ് ഈ പണം മാറ്റിയതെന്നും എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി കണ്ടെത്തി

W

web desk

Published on: 23 Nov 2026, 9:16 am

മെസി തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, 1.8 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി

അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൂടുതൽ തെളിവുകൾ ലഭിച്ചു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ഷറഫലിയുടെ അക്കാദമിക്ക് കൈമാറിയ തുകയിൽ 1.8 കോടി രൂപ ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. തുക അക്കാദമിയിലെത്തി പതിനൊന്നാം ദിവസമാണ് ഈ പണം മാറ്റിയതെന്നും എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി കണ്ടെത്തി.

മലപ്പുറം അരിക്കോട്ടെ നോവസ് സോക്കർ അക്കാദമിയുടെ പേരിലാണ് ആർബിസി പണം കൈമാറിയത്. രണ്ട് ഡയറക്ടർമാർ മാത്രമുള്ള ഈ അക്കാദമിയുടെ മാനേജിങ് ഡയറക്ടർ യു. ഷറഫലിയാണ്. മെസ്സിയുമായി ബന്ധപ്പെട്ട കരാറിൽ സാക്ഷിയായി ഒപ്പിട്ടതിന്റെ പ്രതിഫലമായാണ് അക്കാദമിക്ക് രണ്ട് കോടി രൂപ നൽകിയതെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. ഷെയർ ഓഹരി എന്ന നിലയിലാണ് പണം കൈമാറിയതെന്നായിരുന്നു ഷറഫലിയുടെയും ആന്റോയുടെയും വാദം.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ഷറഫലിയെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നിർണായക കണ്ടെത്തൽ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറിൽ ഷറഫലി സാക്ഷിയായി ഒപ്പിട്ടിരുന്നു. ഫുട്ബോൾ പ്രേമിയെന്ന നിലയിലാണ് ഒപ്പിട്ടതെന്നും മറ്റ് താൽപര്യങ്ങളില്ലെന്നുമായിരുന്നു ഷറഫലിയുടെ മൊഴി. എന്നാൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന പദവിയുടെ മേൽവിലാസം ഉപയോഗിച്ചാണ് അദ്ദേഹം കരാറിന്റെ ഭാഗമായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്വേഷണ സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും. തുടർന്ന് ഷറഫലിയെ കേസിൽ പ്രതിചേർക്കാനും വീണ്ടും ചോദ്യം ചെയ്യാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. അക്കാദമിയുടെ പേരിലാണ് പണം വാങ്ങിയതെന്ന് ഷറഫലി അവകാശപ്പെടുന്നുണ്ടെങ്കിലും, ആ തുക സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയതിന് കൃത്യമായ മറുപടി നൽകേണ്ടി വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Related Stories