Skip to content
Kerala

'അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് ലഭിച്ചേക്കില്ല': സുപ്രിം കോടതി

ഒക്ടോബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

W

web desk

Published on: 27 Nov 2026, 12:13 pm

'അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് ലഭിച്ചേക്കില്ല': സുപ്രിം കോടതി

പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വേളയിൽ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന തുല്യ സംരക്ഷണം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് ലഭിച്ചേക്കില്ലെന്ന് സുപ്രിം കോടതി നിരീക്ഷിണം. ഒക്ടോബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാവുന്ന ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. പ്രിന്റ് മീഡിയ, ടിവി ചാനലുകൾ, അല്ലെങ്കിൽ രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസ് കൗൺസിൽ അക്രഡിറ്റേഷൻ ഉള്ളവരാണ് അംഗീകൃത മാധ്യമപ്രവർത്തകർ. എന്നാൽ നിലവിൽ ഓരോ വ്യക്തികളും സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളതെന്നും, അംഗീകൃത മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ റീൽസ് നിർമ്മിക്കുന്ന വ്യക്തികളും തമ്മിൽ വ്യത്യാസമുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു; മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരജിക്ക് മറുപടിയായി ഡൽഹി പൊലീസ് നൽകിയ എതിർ സത്യവാങ്മൂലത്തിൽ, മാധ്യമപ്രവർത്തകരും റീൽസ് നിർമ്മാതാക്കളും വ്യത്യസ്ത വിഭാഗങ്ങളാണെന്ന് വാദിച്ചു. വാണിജ്യ ലക്ഷ്യത്തോടെ ക്യാമറയും മൈക്കും ഉപയോഗിച്ച് റീൽസ് നിർമ്മിക്കുന്നവരെ മാധ്യമപ്രവർത്തകരായി കണക്കാക്കാമോ എന്നത് തീരുമാനിക്കപ്പെടേണ്ടതാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് ദുരനുഭവവും അനധികൃത കസ്റ്റഡിയും നേരിടേണ്ടി വന്നെന്ന ആരോപണങ്ങൾ പരിശോധിക്കാൻ മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയോട് കോടതി ആവശ്യപ്പെട്ടു.

പരാതിയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും അന്വേഷണ സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ കേരള പത്രപ്രവർത്തക യൂണിയനോട് കോടതി നിർദേശിച്ചു. പ്രതിഷേധസ്ഥലത്ത് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നോ, അവർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചോ, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പൊതുസമാധാനം നിലനിർത്താൻ ആവശ്യമായ പരിധി കടന്നുള്ള നടപടിയായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വസ്തുതകൾ പരിശോധിച്ച് കണ്ടെത്തലുകൾ രേഖപ്പെടുത്താനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.

Related Stories