Skip to content
Kerala

'നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസ്സാരവത്കരിക്കുന്നു'; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്നും ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോൺ ചോർത്തലും നടക്കുന്നതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

W

web desk

Published on: 27 Nov 2026, 7:18 pm

'നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസ്സാരവത്കരിക്കുന്നു'; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസ്സാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന ഭരണഘടനാ ദിന പരിപാടിയിൽ തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്. ഭരണഘടനാ ദിനത്തിൽ തന്നെ ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികളെ സ്വാഭാവികമെന്ന നിലയിൽ അവതരിപ്പിച്ചത് വലിയ വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്നും ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോൺ ചോർത്തലും നടക്കുന്നതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

ജനാധിപത്യ സംവിധാനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന സർവൈലൻസ് രാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ് സ്വകാര്യതയെന്നും, ഫോൺ ചോർത്തൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാർ സംവിധാനങ്ങൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അനധികൃത ഫോൺ ചോർത്തലിന് പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി കർശന നടപടിക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. നിലവിലുള്ള ഫോൺ ചോർത്തൽ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Related Stories